Sun. Dec 22nd, 2024

 

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. പേരാമ്പ്ര സ്വദേശി രജനിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളജില്‍ മരിച്ചത്. നാവിന് തരിപ്പും രണ്ട് കാലിന് വേദനയുമായി കല്ലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ രജനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ന്യൂറോളജി വിഭാഗത്തിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

നവംബര്‍ നാലിന് വൈകീട്ടോടെ കാഷ്വാലിറ്റിയില്‍ എത്തിയ രജനിയ്ക്ക് മരുന്നുകള്‍ നല്‍കി തിരിച്ചയച്ചു. അന്ന് രാത്രി രോഗം മൂര്‍ച്ഛിച്ച രജനിയെ വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ന്യൂറോ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചില്ലെന്നാണ് ആരോപണം.

മൂന്ന് ദിവസം കാഷ്വാലിറ്റിയില്‍ ചികിത്സയില്‍ കഴിഞ്ഞ രജനിയെ വിവിധ പരിശോധനകള്‍ക്ക് വിധേയയാക്കി കുഴപ്പമൊന്നുമില്ല എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ വേദനകൂടി രോഗി ബഹളം വെച്ചതോടെ സൈക്യാട്രി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ രജനിയെ പരിശോധിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

ഇതിനിടെ ആരോഗ്യസ്ഥിതി വഷളായതോടെ ഐസിയുവിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തില്‍ കഴിയവേ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് രജനി മരിച്ചത്. രജനിയ്ക്ക് ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഗിരീഷ് സൂപ്രണ്ടിന് പരാതി നല്‍കിയെന്നും ബന്ധുക്കള്‍ പറയുന്നു.

ഈ പരാതിയില്‍ അന്വേഷണത്തിനായി സൂപ്രണ്ട് മൂന്നംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചെന്നും എന്നാല്‍ കൃത്യമായ മറുപടിയോ ചികിത്സയോ കിട്ടിയില്ലെന്നും കുടുംബം ആരോപിക്കുന്നു. പേരാമ്പ്ര പോലീസിനും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തില്‍ പേരാമ്പ്ര പൊലീസ് കേസെടുത്തിട്ടുണ്ട്.