Wed. Dec 18th, 2024

 

ചെന്നൈ: എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ കുന്ദ്രത്തൂരിലാണ് സംഭവം. വിശാലിനി (ആറ്), സായ് സുധന്‍ (ഒരു വയസ്സ്) എന്നീ കുട്ടികളാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളായ ഗിരിധരനും പവിത്രയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ബാങ്ക് മാനേജറാണ് ഗിരിധരന്‍. എലി ശല്യം വര്‍ധിച്ചതോടെ ഗിരിധരന്‍ ഒരു കീട നിയന്ത്രണ കമ്പനിയെ സമീപിക്കുകയും കമ്പനി ജീവനക്കാര്‍ വീട്ടിലെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ എലി വിഷം മുറിയില്‍ പലയിടത്തായി വിതറിയിട്ടു. രാത്രി കുടുംബം ഉറങ്ങുമ്പോള്‍ എസി ഓണാക്കുകയും ചെയ്തു.

രാവിലെ നാലുപേരേയും അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ബന്ധുക്കള്‍ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവന്‍ നഷ്ടമായിരുന്നു. പൊലീസ് പെസ്റ്റ് കണ്‍ട്രോള്‍ കമ്പനിക്കെതിരെ കേസെടുത്ത് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.