Sun. Dec 22nd, 2024

 

കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ ഇപി ജയരാജനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടില്ലെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇക്കാര്യങ്ങള്‍ ഇന്നലെ വ്യക്തമാക്കിയതാണ്. അദ്ദേഹം എഴുതിയതല്ല എന്ന് ജയരാജന്‍ പറഞ്ഞു. ഇനി എന്തിനാണ് അദ്ദേഹത്തിനോട് വിശദീകരണം ചോദിക്കേണ്ടതെന്നും ഗോവിന്ദന്‍ പറഞ്ഞു.

ആത്മകഥ തയ്യാറാക്കിയ ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോ ചീഫ് എം രഘുനാഥിനോട് സിപിഎം വിശദീകരണം ചോദിച്ചതായി പുറത്തുവന്ന റിപ്പോര്‍ട്ടുകളെ സംസ്ഥാന സെക്രട്ടറി പൂര്‍ണമായും തള്ളി. പാര്‍ട്ടി ഇങ്ങനെയൊരു പരിശോധനയിലേക്കും കടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ പോളിങ് ശതമാനം കുറവാണ്. ഇത് ആരെ ബാധിക്കുമെന്ന് പ്രത്യേകം പറയുന്നില്ല. അത് കുറഞ്ഞ രീതിയില്‍ എല്ലാവരേയും ബാധിക്കും. ചേലക്കരയില്‍ വന്‍ ഭൂരിപക്ഷത്തോടെ യുആര്‍ പ്രദീപ് ജയിക്കും. വയനാട്ടില്‍ ഇടതുപക്ഷം നില മെച്ചപ്പെടുത്തും.

പാലക്കാട്ട് ഇടതുമുന്നണിയുടെ സ്വതന്ത്രന്‍ ജയിക്കുമെന്നതില്‍ സംശയവുമില്ല. ബിജെപിക്ക് കഴിഞ്ഞ തവണ ഇ ശ്രീധരനിലൂടെ ലഭിച്ച വോട്ട് ഇപ്രാവശ്യം ലഭിക്കില്ല. ബിജെപി ജയിക്കുമോ എന്ന സംശയത്തില്‍ ഒരു വിഭാഗം മതനിരപേക്ഷവാദികളുടെ വോട്ട് കഴിഞ്ഞതവണ ഷാഫി പറമ്പിലിന് ലഭിച്ചിട്ടുണ്ട്. അത് ഇത്തവണ ഉണ്ടാകില്ല. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.