Thu. Nov 21st, 2024

 

വാഷിങ്ടണ്‍: ദുബൈ രാജകുമാരന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ക്ക് തടവുശിക്ഷ. ലബനീസ് പൗരനായ അലെക്സ് ജോര്‍ജസ് ടന്നൗസ് ആണ് യുഎഇ രാജകുടുംബാംഗമാണെന്ന് അവകാശപ്പെട്ട് അമേരിക്കയില്‍ വന്‍ തട്ടിപ്പ് നടത്തിയത്.

യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ബിസിനസുകാരനായ ഇയാള്‍ക്ക് സാന് അന്റോണിയോയിലെ യുഎസ് ഫെഡറല്‍ കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. നിരവധി പേര്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്. 2.5 മില്യന്‍ ഡോളര്‍ ആണ് അലെക്സ് ടന്നൗസ് ജനങ്ങളില്‍നിന്നും തട്ടിയെടുത്തത്.

വന്‍ ലാഭം വാഗ്ദാനം ചെയ്താണ് ഇയാള്‍ ആളുകളില്‍നിന്നു നിക്ഷേപമായി പണം സ്വീകരിച്ചത്. യുഎഇയില്‍ വലിയ ബിസിനസ് സംരംഭങ്ങള്‍ നടത്തുന്നുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇയാള്‍.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പൊലീസിന്റെ പിടിയിലായത്. ജൂലൈ 25ന് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ചെയ്തു. കേസില്‍ കഴിഞ്ഞ ദിവസമാണ് യുഎസ് കോടതി തടവുശിക്ഷ വിധിച്ചത്. നഷ്ടപരിഹാരത്തുകയായി 2.2 മില്യന്‍ ഡോളര്‍ അടയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.