Sun. Dec 22nd, 2024

 

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ പൊലീസ് അര്‍ധരാത്രി പരിശോധന നടത്തിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷനെയും ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സിപിഎം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അര്‍ധരാത്രിയില്‍ റെയ്ഡിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതിലില്‍ മുട്ടിയതും പരിശോധന നടത്തിയതുമെന്ന് പരാതിയില്‍ പറയുന്നു. സെര്‍ച്ച് നടത്തുന്നത് സംബന്ധിച്ച് ബിഎന്‍എസ്എസില്‍ നിര്‍ദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പൊലീസ് പാലിച്ചില്ല.

പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തിനൊപ്പം എഡിഎം, ആര്‍ഡിഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു എന്നതും നിയമവിരുദ്ധമാണ്. രാത്രി 12 മണിക്ക് ശേഷം തുടങ്ങിയ പരിശോധനയില്‍ പുലര്‍ച്ചെ 2.30 ആയപ്പോള്‍ മാത്രമാണ് എഡിഎമ്മും ആര്‍ഡിഒയും സ്ഥലത്തെത്തിയത്.

റെയ്ഡ് വിവരം തങ്ങള്‍ അറിഞ്ഞില്ലെന്ന് ആര്‍ഡിഎം ഷാഫി പറമ്പില്‍ എംപിയോട് വ്യക്തമാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്‍ക്കെ പൊലീസിനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി.