Thu. Dec 26th, 2024

 

ലഖ്നൗ: ആഗ്രയില്‍ താജ്മഹലിന്റെ പരിസരത്ത് നമസ്‌കരിച്ചതിന് ഇറാനിയന്‍ ദമ്പതിമാര്‍ അറസ്റ്റില്‍. താജ്മഹലിനോട് ചേര്‍ന്നുള്ള ക്ഷേത്രത്തില്‍ നമസ്‌കരിച്ചെന്ന് കാണിച്ച് ഹിന്ദു വിഭാഗത്തില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പൊലീസ് നടപടി.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. താജ്മഹലിന്റെ കിഴക്കന്‍ ഗേറ്റിനോട് ചേര്‍ന്നുള്ള ക്ഷേത്രത്തിനകത്താണ് ഇറാനിയന്‍ ടൂറിസ്റ്റുകള്‍ നമസ്‌കരിച്ചത്. ഇവര്‍ പ്രാര്‍ഥന നിര്‍വഹിക്കുമ്പോള്‍ അകത്ത് ആരുമുണ്ടായിരുന്നില്ല. നമസ്‌കരിക്കുന്നതു ശ്രദ്ധയില്‍പെട്ട് ഒരു വിഭാഗം പ്രതിഷേധവുമായി എത്തുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. വൃത്തിയുള്ള സ്ഥലമാണെന്ന് കണ്ടാണ് അവിടെ നമസ്‌കരിച്ചതെന്നും അത് ക്ഷേത്രമാണെന്ന് അറിയില്ലായിരുന്നുവെന്നും ഇറാനിയന്‍ ദമ്പതിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുറിയുടെ വാതില്‍ തുറന്നപ്പോള്‍ അകത്ത് ആരുമുണ്ടായിരുന്നില്ല. പിന്നീട് ആളുകള്‍ പ്രശ്നമുണ്ടാക്കിയപ്പോഴാണു ക്ഷേത്രമാണെന്ന് മനസിലാകുന്നത്. ഇതോടെ തങ്ങള്‍ മാപ്പുപറഞ്ഞതാണെന്നും ഇവര്‍ പറഞ്ഞു.

ആരെയും പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചു ചെയ്തതല്ല. പരിസരത്തൊന്നും പള്ളികള്‍ കാണാത്തതുകൊണ്ടാണ് അവിടെ പോയതെന്നും വിശ്വാസികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമചോദിക്കുന്നുവെന്നും ദമ്പതിമാര്‍ പറഞ്ഞു. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഗ്ര പൊലീസ് പറഞ്ഞു. പരാതിയില്‍ അന്വേഷണം നടക്കുകയാണ്. എന്നാല്‍, ദമ്പതിമാരുടെ വിശദീകരണത്തില്‍നിന്ന് ദുരുദ്ദേശ്യപരമായി ഒന്നും നടപടിക്കു പിന്നിലില്ലെന്നാണു വ്യക്തമാകുന്നത്. അവര്‍ മാപ്പുപറയുകയും ചെയ്തതാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

അതേസമയം, ക്ഷേത്രത്തില്‍ എന്തെങ്കിലും ആചാരലംഘനങ്ങള്‍ നടന്നിട്ടുണ്ടോ എന്നു പരിശോധിക്കും. സംഭവത്തില്‍ ഒരു സമുദായത്തിന്റെയും വികാരം വ്രണപ്പെടാതിരിക്കാനും ക്രമസമാധാനനിലയെ ബാധിക്കാതിരിക്കാനും നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.