Thu. Dec 26th, 2024

 

തൃശൂര്‍: ഡയറി എഴുതിയില്ലെന്നാരോപിച്ച് തൃശൂരില്‍ അഞ്ച് വയസുകാരനെ ക്ലാസ് ടീച്ചര്‍ തല്ലി ചതച്ചതായി പരാതി. തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്.

ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാല്‍മുട്ടിനും താഴെ ക്രൂരമായി തല്ലിയതെന്ന് രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തില്‍ നെടുപുഴ പൊലീസ് കേസെടുത്തു.

സംഭവം നടന്നിട്ട് ഒരാഴ്ചയായിട്ടും അധ്യാപികക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും സ്‌കൂള്‍ മാനേജ്മന്റെിന്റെ സ്വാധീനമാണ് നടപടി വൈകിപ്പിക്കുന്നതെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിനായി ശ്രമിച്ചെന്നും വഴങ്ങിയില്ലെന്നും രക്ഷിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

അധ്യാപിക ഒളിവില്‍ ആണെന്നാണ് നെടുപുഴ പൊലീസ് നല്‍കുന്ന വിശദീകരണം. അതേസമയം, അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.