Tue. Oct 8th, 2024

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടന്മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിയായ നടിക്കെതിരെ പരാതി. 

യുവതിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. പതിനാറ് വയസുള്ളപ്പോള്‍ സെക്‌സ് മാഫിയയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചതായാണ് ആരോപണം.

യുവതി ഡിജിപിക്ക് പരാതി കൈമാറി. യുവതിയുടെ പരാതിയില്‍ ഇന്ന് തെളിവെടുപ്പുണ്ടാകും. പത്ത് വര്‍ഷം മുന്‍പ് 2014ലാണ് സംഭവമെന്ന് യുവതി പറയുന്നു. അമ്മയുടെ സഹോദരിയുടെ മകളാണ് തന്നെ വില്‍ക്കാന്‍ ശ്രമിച്ചതെന്നും യുവതി പറഞ്ഞു.

അന്ന് അവര്‍ അഞ്ചോളം സിനിമയില്‍ അഭിനയിച്ചിരുന്നു. ചെന്നൈയിലായിരുന്നു താമസം. സിനിമയില്‍ അഭിനയിക്കുന്നു എന്നല്ലാതെ അവരെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വെക്കേഷന്‍ കാലത്ത് അവര്‍ തന്നെ ചെന്നൈയിലെ വീട്ടിലേക്ക് ക്ഷണിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം ഒരുക്കാമെന്നും ഓഡിഷനില്‍ പങ്കെടുക്കാം എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. തുടർന്ന് താനും അമ്മയും ചെന്നൈയിലേക്ക് പോയി. 

തൊട്ടടുത്ത ദിവസം ഓഡിഷനെന്ന് പറഞ്ഞ് ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മുറിയില്‍ അഞ്ചോളം ആളുകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ തനിക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയെന്നും മുടിയില്‍ തഴുകിയെന്നും യുവതി പറയുന്നു. ഇതിനിടെ ബന്ധുവായ സ്ത്രീ അയാളോട് ഓകെയാണോ എന്ന് ചോദിച്ചു. അയാള്‍ ഓകെയാണെന്നും പറഞ്ഞു. 

ഇതോടെ എന്തോ പ്രശ്‌നമുണ്ടെന്ന് തനിക്ക് മനസിലായി. വീട്ടില്‍ പോകണമെന്ന് പറഞ്ഞ് വാശിപിടിച്ചു. ഇതോടെ അവരുടെ മുഖം മാറി. ദേഷ്യപ്പെട്ടുകൊണ്ട് തന്നോട് അവിടെ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അഡ്ജസ്റ്റ് ചെയ്താല്‍ ഭാവി സുരക്ഷിതമാകുമെന്ന് അവര്‍ പറഞ്ഞു. അത് ശരിയല്ലെന്ന് തോന്നിയതോടെ താന്‍ ബഹളംവെച്ച് ഇറങ്ങിപ്പോരുകയായിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.