Mon. Dec 23rd, 2024

തൃശ്ശൂർ: വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ ചിലവിട്ട തുകയുടെ പുറത്തുവന്ന കണക്കുകൾ ശരിയല്ലെന്ന് വ്യക്തമാക്കി റവന്യൂ മന്ത്രി കെ രാജന്‍. 

മാധ്യമങ്ങളില്‍ വന്നിരിക്കുന്നത് ചിലവഴിച്ച തുകയുടെ കണക്കല്ലെന്നും പ്രതീക്ഷിക്കുന്ന ചിലവുകളെക്കുറിച്ച് കേന്ദ്രത്തിന് തയ്യാറാക്കി നൽകിയ കണക്കാണെന്നും മന്ത്രി പറഞ്ഞു.

ദുരന്തം നടന്നതിനു ശേഷം കേന്ദ്രസര്‍ക്കാരിന് കേരളം ഒരു മെമ്മോറാന്‍ഡം നല്‍കിയിരുന്നു. അതിൽ കാണിച്ചിരുന്ന കണക്കാണ് അത്. ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയിലാണ് ഇത് തയ്യാറാക്കിയത്. പ്രതീക്ഷിക്കുന്ന ചിലവ് എന്ന നിലയിലാണ് ഈ കണക്ക് നൽകിയത്. കേരളത്തിന് പുനരധിവാസ പാക്കേജ് ലഭിക്കുന്നതിനായി നല്‍കിയ കണക്കാണിത്. ഹൈക്കോടതി ആവശ്യപ്പെട്ടപ്പോൾ ഇതേ കണക്കുകൾത്തന്നെ സത്യവാങ്മൂലത്തിൽ സമർപ്പിക്കുകയായിരുന്നെന്നും മന്ത്രി പറയുന്നു. 

ചിലവഴിച്ച തുക സംബന്ധിച്ച കൃത്യമായ കണക്കുകള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം പുറത്തുവിടുമെന്നും എല്ലാ സംശയങ്ങളും ദുരീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വൈകാതെ വാര്‍ത്താ സമ്മേളനത്തില്‍ കണക്ക് പുറത്തുവിടുമെന്നും മന്ത്രി പ്രതികരിച്ചു.