Thu. Sep 19th, 2024

പാരിസ്: പാരിസ് ഒളിമ്പിക്സിൽ ഫൈനലിലെത്തിയ ഇന്ത്യൻ വനിത ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 

വിനേഷ് ഫോഗട്ടിന്റെ ചോരക്കണ്ണീരിന് കാരണമായ അധികാര വ്യവസ്ഥ ഇന്ന് ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നില്‍ തകര്‍ന്ന് വീണുവെന്നും പാരിസിലെ വിജയത്തിൻ്റെ പ്രതിധ്വനി ഡല്‍ഹി വരെ മുഴങ്ങുന്നുവെന്നും രാഹുല്‍ പറഞ്ഞു. എക്‌സിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

‘ലോകത്തെ ഏറ്റവും മികച്ച മൂന്ന് ഗുസ്തി താരങ്ങളെ ഒരേദിവസം തോല്‍പ്പിച്ചതിൻ്റെ ആവേശത്തിലാണ് വിനേഷ് ഫോഗട്ടിനൊപ്പം രാജ്യം മുഴുവന്‍. വിനേഷിൻ്റേയും ഒപ്പമുള്ളവരുടേയും സമരത്തെ തള്ളിപ്പറയുകയും അവരുടെ കഴിവിനേക്കുറിച്ചുപോലും സംശയം ഉന്നയിക്കുകയും ചെയ്തവര്‍ക്കെല്ലാം ഉത്തരം ലഭിച്ചുകഴിഞ്ഞു’, രാഹുല്‍ ഗാന്ധി പറഞ്ഞു. ‘അവളുടെ കണ്ണില്‍നിന്ന് ചോരക്കണ്ണീരൊഴുക്കിയതിന് കാരണമായ അധികാരവ്യവസ്ഥ മുഴുവനായി ഇന്ന് ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ചാമ്പ്യന്മാര്‍ അങ്ങനെയാണ്, അവര്‍ ഗോദയിലാണ് മറുപടി നല്‍കുക. ആശംസകള്‍ വിനേഷ്, നിങ്ങളുടെ വിജയത്തിന്റെ പ്രതിധ്വനി ഡല്‍ഹിയില്‍വരെ മുഴങ്ങി കേള്‍ക്കുന്നു’, രാഹുല്‍ എക്‌സില്‍ കുറിച്ചു.