Fri. Dec 27th, 2024

 

കോഴിക്കോട്: മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വയനാട്ടുകാര്‍ക്ക് കൈത്താങ്ങുമായി ബോബി ചെമ്മണ്ണൂര്‍. നൂറ് കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ സ്ഥലം സൗജന്യമായി നല്‍കുമെന്നും ഇക്കാര്യം മന്ത്രിമാരെയും അധികൃതരെയും അറിയിക്കുകയും സമ്മതപത്രം നല്‍കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

എല്ലാവരേയും നഷ്ടമായി ആരുമില്ലാതായിപ്പോയ ചെറിയ കുട്ടികളെ നേരിട്ട് സ്വന്തം ഗസ്റ്റ്ഹൗസുകളില്‍ എത്തിച്ച് അവരെ ശ്രുശൂഷിക്കുമെന്നും അടിയന്തരമായി അവരെ കൂടെകൂട്ടുന്നതിനുള്ള കാര്യങ്ങള്‍ കലക്ടറുമായി സംസാരിച്ചതായും അനുവാദം കിട്ടിയാല്‍ അത് വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് ആംബുലന്‍സുകള്‍, ബോച്ചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളെല്ലാം പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബോബി വ്യക്തമാക്കി. ‘വീട് വെക്കുന്നതിനായി അഞ്ചോ പത്തോ ഏക്കര്‍ സ്ഥലം വേണ്ടിവരും. എല്ലാം നഷ്ടപെട്ട് വരുന്ന അവരെ ചെറുതാക്കി കാണാന്‍ പാടില്ല. അവര്‍ക്ക് മാന്യമായ സൗകര്യത്തില്‍ വീട് വെച്ചു കൊടുക്കണമെന്നും’ അദ്ദേഹം പറഞ്ഞു.

സ്ഥലത്തോടൊപ്പം അവിടെ വീടുകൂടി നിര്‍മ്മിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ സംഭാവന നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.