Mon. Dec 2nd, 2024

റോം: ഇറ്റാലിയന്‍ പാര്‍ലമെൻ്റില്‍ ഭരണകക്ഷികളും പ്രതിപക്ഷ നേതാക്കളും തമ്മിൽ കൂട്ടത്തല്ല്. പ്രദേശങ്ങള്‍ക്ക് കൂടുതല്‍ സ്വയഭരണാവകാശം നല്‍കുന്ന ബില്ലിനെതിരെ പ്രതിപക്ഷം പാര്‍ലമെൻ്റില്‍ പ്രതിഷേധിക്കുകയും തുടർന്ന് കൂട്ടത്തല്ലിലേക്ക് നീങ്ങുകയുമായിരുന്നു. 

നേതാക്കൾ തമ്മിൽ തല്ലുകൂടുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനങ്ങളാണ് ഇറ്റാലിയന്‍ എം പിമാര്‍ക്കെതിരെ ഉയരുന്നത്. വിദേശകാര്യ മന്ത്രി അൻ്റോണിയോ തജാനി, പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, ഭരണകക്ഷിയിലെ എംപിമാര്‍ അടക്കമുള്ളവര്‍ സംഭവത്തില്‍ വിമര്‍ശനമുന്നയിച്ചു.

സംഭവത്തിൽ പ്രതിപക്ഷ നേതാക്കളില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഇറ്റലിയുടെ പ്രാദേശിക കാര്യ മന്ത്രി റോബര്‍ട്ടോ കാല്‍ഡെറോളിയുടെ കഴുത്തില്‍ പ്രതിപക്ഷ അംഗമായ ലിയോനാര്‍ഡോ ഡോണോ ഇറ്റാലിയന്‍ പതാക കെട്ടാന്‍ ശ്രമിച്ചതോടെയാണ് സഭയില്‍ ബഹളം ആരംഭിച്ചത്. 

ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളള നേതാക്കള്‍ ഇറ്റലിയില്‍ എത്തുന്ന സാഹചര്യത്തിലാണ് പാര്‍ലമെൻ്റിലെ കൂട്ടത്തല്ല്.