Sun. Dec 22nd, 2024

കോഴിക്കോട്: കോഴിക്കോട് ആംബുലന്‍സ് വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു.

ചൊവാഴ്ച്ച പുലർച്ചെ കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു അപകടം. മലബാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ശസ്ത്രക്രിയ നടത്തുന്നതിനായി മിംസ് ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് അപകടം.

നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറിലേക്കും തൊട്ടടുത്ത കെട്ടിടത്തിലേക്കും ഇടിച്ചുകയറുകയായിരുന്നു. ഇടിയേറ്റ് തീപ്പിടിച്ച ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചു.

ആംബുലന്‍സിൽ കുടുങ്ങിയ സുചോലനയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപതിയിൽ പ്രവേശിപ്പിച്ചു.