Fri. Apr 19th, 2024

ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലില്‍ ഒരു ഉദ്യോഗസ്ഥനുള്‍പ്പെടെ 4 ജവാന്‍മാര്‍ക്ക് പരിക്കേറ്റതായി ജമ്മു സോണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് മുകേഷ് സിംഗ് പറഞ്ഞു. രജൗരിയില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിയതായി അധികൃതര്‍.

ജില്ലയിലെ കണ്ടി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ്, ഇന്ത്യന്‍ ആര്‍മി, സിആര്‍പിഎഫ് എന്നിവയുടെ സംയുക്ത സംഘം തെരച്ചില്‍ ആരംഭിച്ചതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചതായി സൈന്യം പ്രസ്താവന ഇറക്കി. പരിക്കേറ്റ ജവാന്മാരെ ഉധംപൂരിലെ കമാന്‍ഡ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സുരക്ഷ കണക്കിലെടുത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. സമീപ പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ സംഘങ്ങളെ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് അയച്ചതായി സൈന്യം അറിയിച്ചു. ഒരു സംഘം ഭീകരര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഭീകരര്‍ കൊല്ലപ്പെടാനും സാധ്യതയുണ്ട്. ഓപ്പറേഷന്‍ തുടരുകയാണ്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.