Fri. Apr 19th, 2024

അധ്യക്ഷ സ്ഥാനത്തു നിന്നുള്ള ശരത് പവാറിന്റെ രാജി തള്ളി എന്‍സിപി സമിതി. അധ്യക്ഷ പദവിയില്‍ പവാര്‍ തുടരണമെന്ന് എന്‍സിപി യോഗത്തില്‍ പ്രമേയം പാസാക്കി. എന്‍സിപി നേതാക്കള്‍ ശരത് പവാറിനെ കാണുകയും പാര്‍ട്ടി അധ്യക്ഷനായി തുടരാന്‍ ആവശ്യപ്പെടുന്ന പാനലിന്റെ പ്രമേയം അദ്ദേഹത്തെ അറിയിക്കുമെന്നും എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.

അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിവാകാനുള്ള ശരത് പവാറിന്റെ തീരുമാനം തിടുക്കത്തില്‍ എടുത്തതാണെന്ന് യോഗം വിലയിരുത്തി. തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്നു പവാറിനോട് ആവശ്യപ്പെടുന്ന ഒറ്റവരി പ്രമേയം യോഗത്തില്‍ പാസാക്കിയെന്ന് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു . രാവിലെ 11 മണിക്ക് ചേര്‍ന്ന യോഗത്തില്‍ പവാറിന്റെ മകള്‍ സുപ്രിയ സുലെ ,അജിത് പവാര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു . രാജി പിന്‍വലിക്കാന്‍ പ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും തുടര്‍ച്ചയായി സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയായിരുന്നു യോഗം.

പ്രഫുല്‍ പട്ടേല്‍ വാര്‍ത്താ സമ്മേളനത്തില്‍ കമ്മിറ്റിയുടെ തീരുമാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ എന്‍സിപി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. ”പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം പവാര്‍ പ്രകടിപ്പിച്ചു.രാജി ഞങ്ങള്‍ ഏകകണ്ഠമായി നിരസിക്കുന്നു.പാര്‍ട്ടി അധ്യക്ഷനായി തുടരാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കാന്‍ ഞങ്ങള്‍ ഏകകണ്ഠമായി തീരുമാനിച്ചു” പട്ടേല്‍ പറഞ്ഞു. ശരദ് പവാറിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചു.

ചൊവ്വാഴ്ചയാണ് പവാര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ഒരു വര്‍ഷം മാത്രം മുന്നില്‍ നില്‍ക്കുമ്പോള്‍ പവാര്‍ അധ്യക്ഷ പദവി ഒഴിയുന്നത് പ്രതിപക്ഷ ഐക്യത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടി. സി പി ഐ , സിപിഎം , ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പവാറിനെ നേരിട്ട് വിളിച്ച് തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു.എട്ടു മാസം മുന്‍പ് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് പവാറിനെ വീണ്ടും പാര്‍ട്ടി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.