Fri. Mar 29th, 2024

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലെവഴിച്ചെന്ന ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്ത ഉത്തരവിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം. ജസ്റ്റിസ് പയസ് കുര്യാക്കോസ് ലോകായുക്തയായിരുന്നപ്പോള്‍ ഹര്‍ജി ഫുള്‍ബെഞ്ചിന് വിട്ടതാണെന്നും കേസ് നിലനില്‍ക്കുമെന്ന് കണ്ടെത്തിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ലോകായുക്തയുടെ വിശ്വാസ്യത തകര്‍ക്കുന്ന വിധിയാണ് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വാദം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ഉത്തരവ് വരുന്നത്. എന്തിന് ഒരു കൊല്ലം വൈകിപ്പിച്ചെന്ന് അറിയില്ല. കേസ് നിലനില്‍ക്കുമോ എന്നതില്‍ തന്നെ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നു. ജസ്റ്റിസ് പയസ് കുര്യാക്കോസ് ലോകായുക്തയായിരുന്നപ്പോള്‍ ഹര്‍ജി ഫുള്‍ബെഞ്ചിന് വിട്ടതാണെന്നും കേസ് നിലനില്‍ക്കുമെന്ന് കണ്ടെത്തിയെന്നും സതീശന്‍ വ്യക്തമാക്കി.

ഇപ്പോള്‍ കേസ് വീണ്ടും മൂന്നംഗ ബെഞ്ചിന് വിടാനുള്ള തീരുമാനം വിസ്മയിപ്പിക്കുന്നതെന്നും ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്തയുടെ ശവമടക്കാണ് നടത്തിയതെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം. ഇതിന് മുഖ്യകാര്‍മികത്വം വഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും കടിക്കാന്‍ പോയിട്ട് കുരയ്ക്കാന്‍പോലും ത്രാണിയില്ലാതെ ലോകായുക്തയ്ക്കും തുല്യപങ്കാണുള്ളത്. ഇതിലൊരു വലിയ ഡീല്‍ നടന്നിട്ടുണ്ട് എന്ന നേരത്തെ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് കെ സുധാകരന്‍ വാര്‍ത്താ വ്യക്തമാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം