Sat. Apr 20th, 2024

കോവിഡ് വ്യപനം ചൈനയില്‍ വര്‍ദ്ധിക്കുന്ന സഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് പുതുവത്സരദിന സന്ദേശം നല്‍കിയിരിക്കുകയാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ്. പകര്‍ച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാവരും ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കുന്നു, പ്രത്യാശയുടെ വെളിച്ചം നമ്മുടെ മുന്നിലുണ്ട് എന്നും പുതുവത്സര സന്ദേശത്തിൽ ഷീ ജിന്‍പിംഗ് പറഞ്ഞു.

ഇത് രണ്ടാം തവണയാണ് രാജ്യത്തെ കോവിഡിന്റെ അവസ്ഥയെക്കുറിച്ച് ഷീ, ജനങ്ങളോട് നേരിട്ട് സംസാരിക്കുന്നത്. അതേസമയം, ലോകാരോഗ്യ സംഘടനയുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളെ തുടര്‍ന്ന്, ചൈന ഉദ്യോഗസ്ഥരെ ആരോഗ്യ സംഘടനയുടെ വിദഗ്ധരുമായി സംസാരിക്കാന്‍ അനുവദിച്ചു. ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍, ഡോക്ടര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരും കോവിഡിനെതിരെ പോരാടാന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഷീ ജിന്‍പിംഗ് പറഞ്ഞു. പകര്‍ച്ചവ്യാധി തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം കോവിഡ് കേസ്, വാക്സീന്‍, ചികിത്സ തുടങ്ങിയ വിഷയങ്ങളില്‍ ലോകാരോഗ്യ സംഘടനയിലെ വിദഗ്ധരും ചൈനീസ് ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഈയിടെ നടന്ന ഒരു യോഗത്തില്‍ ചൈന കോവിഡ് വിവരങ്ങള്‍ മറച്ചുവെക്കാതെ ലോകവുമായി പങ്കുവെക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. ഈ സമയത്ത്, ചൈനയില്‍ വര്‍ദ്ധിച്ചുവരുന്ന കേസുകള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുമെന്നും അതോടൊപ്പം അതിന്റെ വിവരങ്ങള്‍ മറയ്ക്കുന്നത് അവസ്ഥ കൂടുതല്‍ കുഴപ്പത്തിലാക്കാനേ ഉപകരിക്കുകയുള്ളൂവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.