Thu. Apr 25th, 2024

സൗദി അറേബ്യന്‍ ക്ലബ് അല്‍-നസ്‌റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അരങ്ങേറ്റം വൈകും. റൊണാള്‍ഡോയ്ക്ക് ഇംഗ്ലണ്ട് എഫ് എയുടെ വിലക്ക് ഉള്ളതിനാലാണിത്. ആരാധകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ റൊണാള്‍ഡോ കുറ്റക്കാരനെന്ന്കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് കളിയില്‍ വിലക്കേര്‍പ്പെടുത്തിയത്.

നവംബറില്‍ എവര്‍ട്ടണെതിരായ മത്സരശേഷം മടങ്ങവെ സെല്‍ഫിയെടുക്കാനായി ഫോണ്‍ നീട്ടിയ ആരാധകന്റെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിക്കളഞ്ഞ സംഭവത്തിലാണ് റൊണാള്‍ഡോക്ക് വിലക്കും 50000 പൗണ്ട് പിഴയും എഫ് എചുമത്തിയത്. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതിന് പിന്നാലെയായിരുന്നു റൊണാള്‍ഡയുടെ രോഷപ്രകടനം. 

പ്രീമിയര്‍ ലീഗ് വിട്ട് മറ്റെവിടേക്കെങ്കിലും മാറിയാലും വിലക്ക് ബാധകമാണെന്ന് എഫ് എവ്യക്തമാക്കിയിരുന്നു. ലോകകപ്പില്‍ വിലക്ക് ബാധകമായിരുന്നില്ല. ഇതോടെ ജനുവരി അഞ്ചിനും പതിനാലിനുമുള്ള അല്‍ നസറിന്റെ മത്സരങ്ങള്‍ റൊണാള്‍ഡോയ്ക്ക് നഷ്ടമാവും. ജനുവരി 21ന് എത്തിഫാഖ് എഫ് സിക്കെതിരെ ആയിരിക്കും റൊണാള്‍ഡോയുടെ അരങ്ങേറ്റമെന്നാണ് പ്രതീക്ഷിക്കുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.