Wed. Apr 24th, 2024
എറണാകുളം:

തൊഴിലാളി സമരത്തെ തുടര്‍ന്ന് എറണാകുളം എടയാറിലെ ഔഷധ ഉല്പന്ന കയറ്റുമതി സ്ഥാപനം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. നൂറ്റിയന്‍പതുപേര്‍ ജോലി ചെയ്യുന്ന അര്‍ജുന നാച്ചുറല്‍ പ്രൈവറ്റ് ലിമിറ്റഡാണ് സംസ്ഥാനത്തിന് പുറത്തേക്ക് പോകാനൊരുങ്ങുന്നത്. ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല.

വിദേശ വിപണികളിേലക്ക് സുഗന്ധവ്യഞ്ജനങ്ങളുടെയും, ഔഷധസസ്യങ്ങളുടെയും സത്ത് കയറ്റി അയക്കുന്ന സ്ഥാപനമാണ് അര്‍ജുന നാച്ചുറല്‍. ഉല്പാദനക്ഷമതയ്ക്ക് മുപ്പതോളം ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ കമ്പനി നേടിയിട്ടുണ്ട്. 108 രാജ്യാന്തര പേറ്റന്റുകളുമുണ്ട്.

ആറുമാസം മുന്‍പ് കുറച്ച് തൊഴിലാളികള്‍ ചേര്‍ന്ന് മസ്ദൂര്‍ സംഘ് യൂണിയന്‍ രൂപീകരിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ആനുകൂല്യങ്ങളിലെ വര്‍ധനയടക്കം നടപ്പാക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. ഇതിനിടെ മാനദണ്ഡങ്ങളിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് യൂറോപ്പിലേക്ക് കയറ്റി അയച്ച ഒന്‍പത് ലോ‍ഡ് ഉല്‍പന്നങ്ങള്‍ മടക്കി അയച്ചു.

ഇതോടെ നാല് യൂണിറ്റുകളില്‍ ഒരെണ്ണം മാത്രമായി പ്രവര്‍ത്തനം. 2024വരെ തൊഴിലാളികളുമായുള്ള കരാര്‍ നിലനില്‍ക്കുന്നതിനാല്‍ പുതിയ ആവശ്യങ്ങള്‍ അംഗീകരിക്കില്ലായെന്നായിരുന്നു കമ്പനി നിലപാട്. ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം അക്രമത്തിലേക്ക് വഴിമാറിയെന്ന് മാനേജ്മെന്റ് പറയുന്നു.

ലേ ഓഫടക്കം തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെയാണ് പ്രതിഷേധമെന്ന് സമരക്കാര്‍ പറയുന്നു. തൊഴില്‍ നഷ്ടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം തൊഴിലാളികള്‍ക്കിടയില്‍ ശക്തമാണ്.