Fri. Apr 19th, 2024
കൊടുമൺ:

കാട്ടുപന്നിയുടെ അക്രമത്തിൽ നിന്ന്‌ രക്ഷനേടാൻ 72 കാരൻ സ്ഥാപിച്ച വേലി കുടുക്കായി ചിത്രീകരിച്ചതിനെ തുടർന്ന്‌ കർഷകൻ ജയിലിൽ കിടന്നത്‌ 24 ദിവസം. കൂടൽപോത്തുപാറ കൊച്ച്‌ മുരത്തേൽ വനാതിർത്തിയോട് ചേർന്ന്‌ താമസിക്കുന്ന കുഞ്ഞുപിള്ളയാണ്‌ ജീവിക്കാനുള്ള പെടാപാടിനിടെ ജയിലിൽ കിടക്കേണ്ടി വന്നത്‌.
കുഞ്ഞുപിള്ള തോട്ടം ഉടമയോ വൻകിട കൃഷിക്കാരനോ ഒന്നുമല്ല.കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തുന്നയാളാണ്.

കൂടൽപോത്ത് പാറ വനാതിർത്തിയോട് ചേർന്ന ആകെയുള്ളത് 30 സെന്റിൽ താഴെ മാത്രം ഭൂമിയാണ്‌. അതിൽ തന്നെ കുറെ ഭാഗം പാറയുമാണ്. എങ്കിലും ഉള്ള ഇത്തിരി മണ്ണിൽ വീട്ടാവശ്യത്തിനുള്ള കപ്പയും, കിഴങ്ങും വാഴയും ചേനയും , ഇഞ്ചിയുമെല്ലാം കൃഷിയിറക്കിയിട്ടുണ്ട്.

ദരിദ്ര കർഷകത്തൊഴിലാളിയായ അദ്ദേഹത്തിന്, തന്റെ കിടപ്പാടത്തിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാനോ, കമ്പി നാട്ടി വേലിയുണ്ടാക്കി കൃഷി ചെയ്യാനുള്ള സാമ്പത്തിക ശേഷിയില്ല. മൃഗങ്ങളുടെ ശല്യം കാരണം പ്രാഥമിക കർമ്മങ്ങൾക്ക് പകൽ പോലും ഭയം കൂടാതെ വീടിന് പുറത്തേക്കിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. മൃഗങ്ങളിൽ നിന്ന്‌ രക്ഷനേടാൻ
കാട്ടുകമ്പും പഴയതുണിയും, തുരിമ്പിച്ച വയറും, ഷീറ്റുമൊക്കെ ചേർത്ത് ജീവരക്ഷാർത്ഥം വീടിനു ചുറ്റും ഒരു വേലി നിർമ്മിച്ചു.

നിർഭാഗ്യമെന്നു പറയട്ടെ അത് വനപാലകരുടെ ശ്രദ്ധയിൽപ്പെട്ടു. വേലി കാട്ടുമൃഗങ്ങൾക്കുള്ള കുരുക്കായി വ്യാഖ്യാനിച്ച്‌ കൂലിപ്പണിക്കു പോയ ആളെ തേടിപ്പിടിച്ച് വനംവകുപ്പ്‌ ജാമ്യമില്ലാ കേസെടുത്ത് ജയിലിൽ അടച്ചു. 24 ദിവസത്തിനു ശേഷമാണ് 72 കാരനായ കുഞ്ഞുപിള്ളയ്ക്ക് ജാമ്യം ലഭിച്ചത്.

ഇത് ഒരു കുഞ്ഞുപിള്ളയുടെ മാത്രം കഥയല്ല ഇത്തരത്തിലുള്ള ഒട്ടേറെ കേസുകൾ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായുണ്ട്. കാട്ടുപന്നിയുടെ ശല്യം കാരണം ജീവിതം വഴിമുട്ടി പോയ നിരവധി കർഷകരാണ്‌ ഇവിടുള്ളത്‌.

വനാതിർത്തിക്ക് പുറത്തിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാൻ ചെറുവിരലനക്കാത്ത വനം വകുപ്പ് കർഷകർ കൃഷിയിടം സംരക്ഷിക്കാൻ ഏതെങ്കിലും തരത്തിലുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ കുടുക്കുവെച്ചെന്ന് പറഞ്ഞ കുരുക്കിലാക്കി ജയിലിലടയക്കും. ഭാര്യയും മകളും അടങ്ങിയ കുടുംബവും മൂത്ത മകനുംകുടുംബവം കുഞ്ഞുപിള്ളയുടെ ഈ പുരയിടത്തിലാണ്‌ താമസം. ജാമ്യം നേടിയെങ്കിലും വനംവകുപ്പിന്റെ കേസ്‌ ഇപ്പോഴും നടക്കുകയാണെന്ന്‌ കുഞ്ഞുപിള്ള പറഞ്ഞു.