Fri. Mar 29th, 2024
ലണ്ടൻ:

യുക്രൈന് കൂടുതൽ പ്രഹരശേഷിയുള്ള ആയുധങ്ങൾ നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രിംസ്റ്റണ്‍ കപ്പൽ വിരുദ്ധ മിസൈലുകൾ ഉൾപ്പടെ നൽകാൻ തയ്യാറെന്ന്, യു എസ് പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള ഓണ്‍ലൈൻ കൂടിക്കാഴ്ചയിൽ ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. കടലിലും കരയിലും ഒരേപോലെ ഉപയോഗിക്കാനാകുന്ന ബ്രിംസ്റ്റണ്‍ മിസൈൽ ബ്രിട്ടണ്‍ ലിബിയയിലും സിറിയയിലും പ്രയോഗിച്ചിരുന്നു.

യുക്രെയ്ൻ വ്യോമസേനക്ക് കൂടുതൽ പോർവിമാനങ്ങൾ നൽകിയതായി യുഎസ് പ്രതിരോധ വിഭാഗം അറിയിച്ചു. യുക്രെയ്ന് ആയുധം നൽകി സഹായിക്കാൻ പാശ്ചാത്യ സഖ്യകക്ഷി രാജ്യങ്ങളുടെ തലവന്മാരോട് ജോ ബൈഡൻ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മരിയോപോൾ വളഞ്ഞ റഷ്യൻ സേന, യുക്രെയ്ൻ സൈനികരോട് ആയുധംവച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ റഷ്യയുടെ ശാസനയോട് സൈനികർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡോൺബാസ് പിടിക്കാനായി ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. ക്രെമിന പട്ടണം പിടിച്ചെടുത്തു. ഹാർക്കീവിൽ കനത്ത ഷെല്ലാക്രമണം തുടരുകയാണ്. ഇവിടെ ഇതുവരെ 3 പേർ മരിച്ചു.16 പേർക്ക് പരിക്കേറ്റു.