Thu. Mar 28th, 2024
ഹൈദരാബാദ്:

വിശാഖപട്ടണത്തു നിന്ന് സെക്കന്തരാബാദിലേക്ക് വരുന്ന ട്രെയിനിൽ ബോംബുണ്ടെന്ന് വ്യാജ വിവരം നൽകിയ 19കാരനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. തോറി കാർത്തിക് എന്നയാളാണ് പിടിയിലായത്. റെയിൽവേ പൊലീസിന്റെയും സംസ്ഥാന പൊലീസിന്റെയും സംയുക്ത സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഏപ്രിൽ 13ന് 100ൽ വിളിച്ച് ട്രെയിനിൽ ബോംബ് വെച്ചതായി ഇയാൾ പൊലീസിനെ അറിയിക്കുകയായിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വിശാഖപട്ടണത്ത് നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന രണ്ട് ട്രെയിനുകൾ റെയിൽവേ പൊലീസ് തടഞ്ഞു. കാസിപേട്ടിലെ എൽ.ടി.ടി ട്രെയിനും കൊണാർക്ക് എക്സ്പ്രസുമാണ് തടഞ്ഞ് നിർത്തി പരിശോധന നടത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയത്. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ കാർത്തിക് കുറ്റം സമ്മതിച്ചു. ഇത്തരമൊരു വ്യാജ വാർത്ത നൽകിയാൽ പൊലീസ് ഡിപ്പാർട്ട്മെന്‍റ് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനാണ് ഫോൺകോൾ ചെയ്തതെന്ന് കാർത്തിക് പറഞ്ഞു. തുടർ നിയമനടപടികൾക്കായി സർക്കാർ ഇയാളെ റെയിൽവേ പൊലീസിന് കൈമാറി.