Fri. Apr 19th, 2024
അജാനൂർ:

ചിത്താരി പുഴ വീണ്ടും ഗതി മാറി ഒഴുകിത്തുടങ്ങി. ഒഴുക്ക് ശക്തമായാൽ ഫിഷ് ലാൻഡിങ് സെന്റർ കെട്ടിടത്തിന് ഭീഷണിയാകും. വരും ദിവസങ്ങളിൽ ശക്തമായ വേനൽ മഴ വന്നാൽ ഫിഷ് ലാന്‍ഡിങ് കേന്ദ്രത്തിന് അടുത്തേക്ക് പുഴയുടെ ഒഴുക്ക് മാറും.

ഇത് തടയാൻ ചിത്താരിക്കും അജാനൂരിനും മധ്യത്തിൽ അഴി മുറിച്ചു പുഴയിലെ നീരൊഴുക്ക് വഴി തിരിച്ച് വിടണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. ഇപ്പോൾ വെള്ളം ഒഴുകുന്ന അഴിമുഖം മണൽ ചാക്കു കൊണ്ടു നിറയ്ക്കണമെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. 2017 ഒക്ടോബറിൽ അജാനൂർ അഴിമുഖത്തു നിന്നു ചിത്താരി പുഴ ഗതി മാറി ഒഴുകി ഫിഷ് ലാന്‍ഡിങ് സെന്റര്‍ ഭീഷണിയിലായിരുന്നു.

അന്ന് ബന്ധപ്പെട്ട അധികൃതർ അഴി മുറിച്ചു മാറ്റാൻ കാണിച്ച വിമുഖതയാണ് പുഴയുടെ ഗതി മാറാൻ കാരണമായത്. ഇതിനെ തുടർന്ന് 10,000 ചാക്കുകളിൽ മണൽ നിറച്ച് മുളകളും കമ്പുകളും ഓലയും കൊണ്ട് പുഴയുടെ ഗതി നാട്ടുകാർ ചേർന്നു മാറ്റുകയായിരുന്നു. ആയിരത്തോളം മത്സ്യ തൊഴിലാളികളുടെ കഠിനാധ്വാനം കൊണ്ടാണ് അന്ന് ഫിഷ് ലാന്‍ഡിങ് സെന്റര്‍ സംരക്ഷിക്കാൻ കഴിഞ്ഞത്.

അന്ന് മുളയും ചാക്കും വാങ്ങാനായി ചെലവായ 1 ലക്ഷത്തോളം രൂപ ഇന്നും മത്സ്യത്തൊഴിലാളികൾക്ക് ആരും നൽകിയിട്ടില്ല. സ്ഥലം സന്ദർശിച്ച അധികൃതർ ഈ തുക നൽകുമെന്നും വാഗ്ദാനം നൽകിയെങ്കിലും ഒരു രൂപ പോലും കിട്ടിയില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. നിർദിഷ്ട മിനി മത്സ്യ ബന്ധന തുറമുഖത്തിനു കണ്ടെത്തിയ സ്ഥലമാണിത്.