Thu. Apr 25th, 2024
പാലക്കാട്:

തടസ്സങ്ങൾ നീക്കി പ്രളയ സാഹചര്യം ഒഴിവാക്കാൻ പ്രധാന പുഴകളുടെ ചുമതല എൻജിനീയർമാ‍ർക്കു നൽകിയുള്ള ‘ റൂം ഫോർ റിവർ’ പദ്ധതി ജില്ലയിൽ നടപ്പാക്കിത്തുടങ്ങി. ഇതനുസരിച്ചു ഭാരതപ്പുഴയുടെ ചുമതല പാലക്കാട് ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സി വി സുരേഷ് ബാബുവിനാണ്. 2018, 2019 വർഷങ്ങളിലുണ്ടായ പ്രളയത്തിൽ പുഴകളിൽ അടിഞ്ഞ തടസ്സങ്ങൾ പൂർണമായും നീക്കി ജലമൊഴുക്കു സുഗമാക്കുകയാണു ലക്ഷ്യം.

ഭാരതപ്പുഴയുടെ പോഷക നദികളായ കൽപാത്തിപ്പുഴ, കണ്ണാടിപ്പുഴ, ഗായത്രിപ്പുഴ, തൂതപ്പുഴകളിലായി 120 പോയിന്റുകളാണ് ഇത്തരത്തിൽ തടസ്സം നീക്കാനുള്ളത്. പറളി മുതൽ ചമ്രവട്ടം വരെ 93 കിലോമീറ്റർ ദൂരത്തിൽ ഭാരതപ്പുഴയിൽ മണൽ പരന്നു കിടക്കുകയാണ്. മണൽ നീക്കണമെങ്കിൽ പ്രത്യേക അനുമതിയും തീരുമാനവും ആവശ്യമാണ്.

ഈ ഭാഗത്തു പുഴയിൽ വലിയ തോതിലുള്ള തടസ്സങ്ങൾ താരതമ്യേന കുറവാണ്. അതേസമയം ഭാരതപ്പുഴയിലേക്കു വന്നുചേരുന്ന നാലു പുഴകളിലും ഏറെ തടസ്സങ്ങൾ അടിഞ്ഞു കിടക്കുന്നുണ്ട്. മഴക്കാലത്തിനു മുൻപു പ്രവൃത്തികൾ പൂർത്തിയാക്കും.

കഴിഞ്ഞ മഴക്കാലത്തിനു മുൻപ് കൽപാത്തിപ്പുഴയിൽ മുക്കൈ പാലത്തിനു സമീപമുള്ള തടസ്സങ്ങൾ നീക്കിയത് വിജയകരമായിരുന്നു. ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്കിന്റെ നിർദേശപ്രകാരം മലമ്പുഴ ഡാം ജലസേചന വിഭാഗമാണു പ്രവൃത്തി നടപ്പാക്കിയത്. തടസ്സം നീക്കാൻ പ്രത്യേക ഫണ്ടില്ലാത്ത സാഹചര്യത്തിൽ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തുന്നതോടൊപ്പം സന്നദ്ധ സംഘടനകളുടെയും തദ്ദേശീയരുടെയും സഹകരണവും തേടും. പ്രളയനാശം കൂടുതലായി അനുഭവപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ സഹകരണവും തേടും.

അകത്തേത്തറ കുറ്റിപ്പള്ളം ചാത്തംകുളത്ത് മുക്കൈ പുഴയിൽ നടന്ന തടസ്സം നീക്കൽ പദ്ധതിയുടെ ഉദ്ഘാടനം എ പ്രഭാകരൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ മോഹനൻ, സ്ഥിരം സമിതി അധ്യക്ഷ മഞ്ജു മുരളി, ശിരുവാണി സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ സി എസ് സിനോഷ്, കർഷക സംഘം ജില്ലാ സെക്രട്ടറി ജോസ് മാത്യൂസ്, ടി രാമാനുജൻ എന്നിവർ പ്രസംഗിച്ചു.