Sat. Apr 20th, 2024
കൊച്ചി:

പരീക്ഷാ സമ്മർദ്ദങ്ങള്‍ക്കിടെ, ഏലൂരിലെ ഇരുനൂറിലധികം സ്കൂൾ വിദ്യാർത്ഥികളുടെ ഭാവി ഇരുളിലാഴ്ത്തിയിരിക്കുകയാണ് ഫാക്ട് മാനേജ്മെൻ്റ്. പാട്ടത്തുക കുടിശിഖ വരുത്തിയതിന്, ഫാക്ട് കോംപൗണ്ടിലുള്ള കെട്ടിടം ഉടൻ ഒഴിയണമെന്നാവശ്യപ്പെട്ട് സ്കൂൾ മാനേജ്മെൻ്റിന് നോട്ടീസ് നൽകിയിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ എങ്ങോട്ട് പോകണം എന്നറിയാതെ ആശങ്കയിലാണ് യുകെജി മുതല്‍ ഹൈസ്കൂള്‍ വരെയുള്ള കുട്ടികള്‍.

ദേശീയ സൈക്കിൾ പോളോ ചാപ്പൻഷിപ്പിൽ വെള്ളി മെഡൽ നേടിയ കേരളാ ടീമംഗങ്ങളായ അനഘയും ലിയോണയും ഈ സ്കൂളിലാണ് പഠിക്കുന്നത്. നേട്ടങ്ങളിൽ തിളങ്ങി നിൽക്കുമ്പോഴും അടുത്ത അധ്യയന വർഷം എവിടെ പഠിക്കും എന്ന കടുത്ത ആശങ്കയിലാണ് ഈ കുട്ടികൾ. ഇവർ പഠിക്കുന്ന ടൗൺഷിപ്പ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഫാക്ട് കോംപൗണിലാണ്.

2014 ലാണ് ഫാക്ടിലെ ജീവനക്കാരുടെ സൊസൈറ്റി സ്കൂൾ ഏറ്റെടുക്കുന്നത്. വര്‍ഷം ആറ് ലക്ഷം രൂപ ഫാക്ടിന് പാട്ടത്തുക നല്‍കണം എന്നാിരുന്നു വ്യവസ്ഥ. പ്രളയം, കൊവിഡ് എന്നിവ വന്നതോടെ സാമ്പത്തിക പ്രതിസന്ധിയായി.

ആകെയുള്ള വരുമാനം വിദ്യാര്‍ത്ഥികളുടെ ഫീസ് മാത്രമാണ്. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ പലര്‍ക്കും ഫീസ് നല്‍കാന്‍ കഴിയാത്ത അവസ്ഥയുമായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി പാട്ടത്തുക നല്‍കാനാവുന്നില്ല.

ഇതോടെ കെട്ടിടം ഒഴിയണം എന്നാവശ്യപ്പെട്ട് ഫാക്ട്, സ്കൂളിലും കോപൗണ്ടിലിലും നോട്ടീസ് പതിച്ചു. മറ്റൊരു മാനേജ്മെന്റിന് സ്കൂള്‍ കൈമാറുമെന്ന ഫാക്ടിന്‍റെ വാദവും കള്ളമെന്ന് നോട്ടീസ് തെളിയിക്കുന്നു. കെട്ടിടം ഒഴിയുമ്പോള്‍ കുട്ടികളും രക്ഷിതാക്കളും മറ്റ് വഴികള്‍ തേടണം എന്ന് നോട്ടീസില്‍ കൃത്യമായി പറയുന്നുണ്ട്.