Fri. Apr 19th, 2024
കൊല്ലം:

നിരത്തിലെ നിയമലംഘകരെ പിടികൂടാൻ ജില്ലയിൽ 50 ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(നിർമിത ബുദ്ധി) ക്യാമറകൾ സ്ഥാപിച്ചു മോട്ടർ വാഹനവകുപ്പ്. റോഡപകടങ്ങൾ കുറയ്ക്കാനും നിയമ ലംഘനങ്ങൾ തടയാനും നിരത്തുകളിലെ കുറ്റകൃത്യങ്ങൾ കണ്ടെത്താനുമാണ് സംസ്ഥാനത്തെ പ്രധാന റോഡുകളിൽ 726 നിർമിത ബുദ്ധി ക്യാമറകൾ സ്ഥാപിക്കുന്നത്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്.   

മോട്ടർ വാഹന വകുപ്പിന് വേണ്ടി ക്യാമറകൾ സ്ഥാപിക്കുന്നതും സാങ്കേതിക സഹായം നൽകുന്നതും കെൽട്രോണിന്റെ മേൽനോട്ടത്തിലാണ്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ജില്ലയിൽ പ്രധാനപ്പെട്ട ജംക‍്ഷനുകൾ റോഡുകൾ അപകട മേഖലകൾ എന്നിവിടങ്ങളിലായി 50 ക്യാമറകൾ സ്ഥാപിച്ചു കൊട്ടാരക്കരയിലെ ട്രാഫിക് എൻഫോഴ്സ്മെന്റ് കൺട്രോൾ റൂം കേന്ദ്രീകരിച്ചാകും ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുക. 

 കൂടുതൽ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കുമെന്നും കൊട്ടാരക്കരയിലെ കൺട്രോൾ റൂമിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുന്നതോടെ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങുമെന്നും മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ഹെൽമെറ്റ് ധരിക്കാത്തവർ, സീറ്റ് ബെൽറ്റ് ധരിക്കാത്തവർ, മൊബൈൽ ഫോണിൽ സംസാരിച്ചു വാഹനം ഓടിക്കുന്നവർ, ട്രാഫിക് സിഗ്നലുകൾ ലംഘിക്കുന്നവർ, വാഹനങ്ങളിൽ എക്സ്ട്രാ ഫിറ്റിങ്സ് നടത്തിയത്, നോ പാർക്കിങ് മേഖലകളിൽ വാഹനം പാർക്ക് ചെയ്തവർ എന്നിങ്ങനെ വാഹനം ഓടിക്കുമ്പോൾ പാർക്ക് ചെയ്യുമ്പോൾ ഉണ്ടാകാവുന്ന എല്ലാ നിയമലംഘനങ്ങളും ക്യാമറകൾ കണ്ടെത്തും. കൂടാതെ മുൻ സീറ്റിലെ യാത്രികൻ സീറ്റ് ബെൽറ്റ് ധരിക്കാത്തതും, ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാരൻ ഹെൽമെറ്റ് ധരിക്കാത്തത്, ബൈക്കിൽ മൂന്ന് പേർ സഞ്ചരിക്കുന്നത്, അപകടകരമായ ഡ്രൈവിങ് എന്നിവയെല്ലാം ക്യാമറകൾ കണ്ടെത്തും.