Fri. Apr 19th, 2024
രാജകുമാരി:

ജില്ലയിൽ പല സ്ഥലത്തും റോഡരികിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ പൊതുജനങ്ങൾക്ക് ശല്യമാകുന്നു. കാലാവധി കഴിഞ്ഞതോ, ഉടമ ഉപേക്ഷിച്ചതോ ആയ വാഹനങ്ങളാണ് വർഷങ്ങളായി റോഡിൽ കിടക്കുന്നത്. പൊതുമരാമത്ത്, റവന്യു വകുപ്പുകളുടെ സ്ഥലം കൈയ്യേറിയാണ് വാഹനങ്ങൾ ഉപേക്ഷിച്ചിരിക്കുന്നത്.

ഇത്തരം വാഹനങ്ങളെക്കുറിച്ച് മോട്ടർ വാഹന വകുപ്പിന്റെ പക്കൽ വിവരങ്ങളൊന്നുമില്ല. റോഡിന്റെ വശങ്ങളിൽ ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങൾ ഉടമകളെക്കൊണ്ടു തിരിച്ചെടുപ്പിക്കാനുള്ള അധികാരം പൊതുമരാമത്ത് വകുപ്പിനുണ്ട്. എന്നാൽ, അധികൃതർ ഇക്കാര്യത്തിൽ മൗനം തുടരുകയാണ്.

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റ് പോലും ഇല്ലാത്തതും തുടർനടപടികൾക്ക് തടസ്സമാണ്. ചില സർക്കാർ ഓഫിസുകളുടെ മുന്നിൽ പോലും വാഹനങ്ങൾ ഉപേക്ഷിച്ച നിലയിലുണ്ടെന്നാണ് വിവരം. സ്വകാര്യ വ്യക്തികൾ കാലഹരണപ്പെട്ട വാഹനങ്ങൾ റോഡ് സൈഡിൽ ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും ഇടുക്കി ആർടിഒ ആർ രമണൻ പറഞ്ഞു.