Wed. Apr 24th, 2024

ന്യൂഡൽഹി:

അശ്രദ്ധമായി വാഹനം ഓടിച്ചതിന് പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ഇതു സംബന്ധിച്ച് കമ്പനിയുടെ വക്താവ് പ്രതികരിച്ചു-

പ്രസ്തുത സംഭവത്തില്‍ ഏതെങ്കിലും വ്യക്തിക്കോ ആരുടെയെങ്കിലും സ്വത്തിനോ ഒരു അപകടവും സംഭവിച്ചിട്ടില്ലെന്നാണ് വിശദീകരണം. ഡിസിപി ബെനിറ്റ മേരി ജെയ്‌കറിന്‍റെ വാഹനത്തില്‍ വിജയ് ശേഖര്‍ ശര്‍മ ഓടിച്ച കാറിടിച്ചു എന്നാണ് എഫ്ഐആര്‍. ഡല്‍ഹിയിലെ അരബിന്ദോ മാർഗിലെ മദേഴ്‌സ് ഇന്‍റർനാഷണൽ സ്‌കൂളിന് പുറത്ത് ഫെബ്രുവരി 22നാണ് സംഭവം നടന്നത്.

ഡിസിപിയുടെ ഡ്രൈവറായ കോൺസ്റ്റബിൾ ദീപക് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പേടിഎം വക്താവിന്‍റെ പ്രതികരണമിങ്ങനെ- “ഒരു ചെറിയ വാഹനാപകടവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. പ്രസ്തുത സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആരുടെയും സ്വത്തിനും നാശനഷ്ടം സംഭവിച്ചിട്ടില്ല. അറസ്റ്റിന്റെ സ്വഭാവം സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ അതിശയോക്തി നിറഞ്ഞതാണ്. ജാമ്യം ലഭിക്കാവുന്ന ചെറിയ കുറ്റമാണ്. ആവശ്യമായ നിയമ നടപടികൾ അന്നേദിവസം തന്നെ പൂർത്തിയാക്കി”

അതേസമയം വിജയ് ശേഖര്‍ ശര്‍മയെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് ഡൽഹി പൊലീസ് വക്താവ് സുമൻ നാൽവ സ്ഥിരീകരിച്ചു. ജാമ്യത്തില്‍ വിട്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഡിസിപി ബെനിറ്റ മേരി ജെയ്‌കര്‍ പ്രതികരിക്കാൻ വിസമ്മതിച്ചു.