Fri. Mar 29th, 2024
തിരൂർ:

തിരൂർ എഎംഎൽപി സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം. സ്കൂളിൻ്റെ അവസ്ഥ ശോചനീയമാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്ന് അധ്യയനം പുനരാരംഭിച്ചിരുന്നു.

എന്നാൽ, ശോചനീയാവസ്ഥ പരിഹരിക്കാതെ ഇവിടെ അധ്യയനം ആരംഭിക്കാൻ അനുവദിക്കില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. വിദ്യാർത്ഥികൾ സ്കൂളിനു പുറത്തുനിൽക്കുകയാണ്. സ്കൂളിൻ്റെ ഓടും പട്ടികയുമൊക്കെ പൊട്ടിവീഴാറുണ്ടെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. അങ്ങനെയൊരു സ്കൂളിൽ കുട്ടികളെ ഇരുത്തില്ല.

മുന്നിലുള്ള റെയിൽപാളത്തിലൂടെ ട്രെയിൻ പോകുമ്പോൾ സ്കൂൾ ആകെ കുലുങ്ങുകയാണ്. തങ്ങൾക്ക് മക്കളാണ് വലുത്. ചിതലൊക്കെ തട്ടുമ്പോൾ ഓട് വീഴാറുണ്ട്.

ഓരോ തവണ മീറ്റിംഗുകളിലും സ്കൂളിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് തങ്ങൾ ആവശ്യപ്പെടാറുണ്ട്. നാട്ടുകാരും പൂർവവിദ്യാർത്ഥികളുമൊക്കെ സ്കൂളിൻ്റെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത്. മാനേജ്മെൻ്റ് തിരിഞ്ഞുനോക്കുന്നില്ല.

കുട്ടികളുടെ ദേഹത്ത് വീണില്ലല്ലോ, വീണാൽ നോക്കാമെന്നാണ് മാനേജ്മെൻ്റ് പറഞ്ഞത്. ഇനി കുട്ടികളെ പറഞ്ഞയക്കുന്നില്ല എന്നും രക്ഷിതാക്കൾ പറയുന്നു.