Fri. Apr 19th, 2024

തിരുവനന്തപുരം പാലോട് ആദിവാസി സെറ്റില്മെന്റുകളിലെ പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്ന് പരാതി. കേസിലെ പ്രധാന പ്രതികളെ പോലീസ് അറസ്റ് ചെയ്‌തെങ്കിലും, സഹായികളിലേക്ക് അന്വേഷണം നടക്കുന്നില്ല. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ ഇടപെടലുകളാണ് ഇതിനു കാരണമായി ആത്മഹത്യ ചെയ്ത പതിനേഴുകാരിയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. 

പാലോട് പതിനേഴുകാരി ആത്മഹത്യ ചെയ്ത് 64 ദിവസത്തിന് ശേഷമാണ് പ്രതിയെ പോലീസ് അറസ്റ് ചെയ്തത്. ഒന്നാം പ്രതിയുടെയും സഹായികളുടെയും പേരുകൾ ഉൾപ്പെടുത്തി പരാതി നൽകിയെങ്കിലും നടപടി എടുക്കാൻ ഏറെ വൈകുകയായിരുന്നു. ഇതിനിടെ ഡിസംബറിൽ പത്തൊൻപത് വയസ്സുള്ള മറ്റൊരു പെൺകുട്ടി കൂടെ ആത്മഹത്യ ചെയ്തു. ആദ്യ പെൺകുട്ടിയുടെ മരണത്തിനു കാരണക്കാരായ കൂട്ടുപ്രതികളിൽ ഒരാളായിരുന്നു പത്തൊൻപതുകാരിയുടെ മരണത്തിനു പിന്നിലും.

ആത്മഹത്യ ചെയ്യുന്നതിന് മുൻപ് താൻ അകപ്പെട്ട ട്രാപ്പിനെ കുറിച്ചും, അതിനു പിന്നിൽ ഉള്ളവരെ കുറിച്ചും പെൺകുട്ടി വിശദമായി മാതാപിതാക്കളോട് പറഞ്ഞിരുന്നു. മരണശേഷം ഇതുസംബന്ധിച്ച് തങ്ങൾ പൊലീസിന് നൽകിയ മൊഴി ചോരുകയും, ചില സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നുമാണ് മാതാപിതാക്കൾ പറയുന്നത്. മരണശേഷമുണ്ടായ മാധ്യമശ്രദ്ധയെ തുടർന്ന് പോലീസും എക്സൈസും പാർട്ടി നേതാക്കളും പെൺകുട്ടികളുടെ വീടുകൾ സന്ദർശിച്ചിരുന്നെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല. എക്സൈസ് വകുപ്പുമായി സഹകരിച്ച് ലഹരി മാഫിയക്കെതിരെ പിടിമുറുക്കുമെന്ന പോലീസ് വാഗ്ദാനവും നടപ്പിലായില്ല. ഇതിനിടെ വിദുരയിൽ രണ്ട് സഹോദരിമാരുടെ പീഡനവിവരം കൂടെ പുറത്തുവന്നിട്ടുണ്ട്.