Thu. Apr 25th, 2024
സിംഗപ്പൂർ:

സിംഗപ്പൂരിൽ ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. 92 വയസ്സുകാരിയായ സ്ത്രീയാണ് മരിച്ചത്. കുടുംബാംഗത്തിൽ നിന്നാണ് ഇവർക്ക് കൊവിഡ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് പത്താം ദിവസമായിരുന്നു മരണം. മരണശേഷം നടത്തിയ പരിശോധയിൽ സ്ത്രീക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായും, ഇവർ വാക്സിൻ സ്വീകരിച്ചിരുന്നില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

കൊവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ടെന്ന് സിംഗപ്പൂർ സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രതിദിന കേസുകളിൽ 70ശതമാനവും ഒമിക്രോൺ വകഭേദമാണെന്ന് കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ സഹ അധ്യക്ഷനും വ്യവസായ മന്ത്രിയുമായ ഗാൻ കിം യോങ് പറഞ്ഞു. വരും ദിവസങ്ങളിൽ ഇത് 90 ശതമാനം വരെയായി ഉയരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും യോങ് പറഞ്ഞു.