Thu. Apr 25th, 2024
തിരുവനന്തപുരം:

മലയാളി ശാസ്ത്രജ്ഞനും തിരുവനന്തപുരം വിഎസ്‍എസ്‍സി ഡയറക്ടറുമായ എസ് സോമനാഥ് ഐഎസ്ആർഒയുടെ പുതിയ ചെർമാൻ. ആലപ്പുഴ തുറവൂർ സ്വദേശിയായ സോമനാഥ് നേരത്തേ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽപിഎസ്‌സി) മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.

മലയാളികളായ എം ജി കെ മേനോൻ, കസ്തൂരിരംഗൻ, ജി മാധവൻ നായർ, കെ രാധാകൃഷ്ണൻ എന്നിവർക്കു പിന്നാലെയാണ് മറ്റൊരു മലയാളി കൂടി ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ തലപ്പത്തെത്തുന്നത്.

ഇതോടൊപ്പം സ്പേസ് ഡിപ്പാർട്ട്മെന്‍റ് സെക്രട്ടറി ചുമതലയും സോമനാഥ് ഏറ്റെടുക്കും. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകൽപനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ജി എസ് എൽ വി മാർക്ക് മൂന്ന് ഉൾപ്പെടെയുള്ള വിക്ഷേപണ വാഹനങ്ങൾക്ക് രൂപം നൽകിയത് സോമനാഥിന്‍റെ നേതൃത്വത്തിലാണ്.

കൊല്ലം ടി കെ എം എൻജിനീയറിങ് കോളജിൽനിന്ന് ബി-ടെകും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന് എയറോസ്പേസ് എൻജിനീയറിങ്ങിൽ സ്വർണ മെഡലോടെ മാസ്റ്റേഴ്സ് ബിരുദവും പൂർത്തിയാക്കിയ സോമനാഥ്, 1985ലാണ് വി എസ് എസ് സിയിൽ ചേരുന്നത്.