Fri. Apr 19th, 2024

ന്യൂസിലാൻഡ്-ബംഗ്ലാദേശ് മത്സരത്തിനിടെ ഒരു പന്തിൽ പിറന്നത് ഏഴ് റൺസ്! അതും സിക്‌സറൊന്നും അടിക്കാതെ. ന്യൂസിലാൻഡ് ഓപ്പണർ വിൽയങിനാണ് ഇങ്ങനെയൊരു ഭാഗ്യം ഓവർത്രോയിലൂടെ ലഭിച്ചത്. ഒന്നാം ദിനം ന്യൂസീലന്‍ഡിന്റെ ആദ്യ ഇന്നിങ്‌സിനിടെയാണ് ഏഴ് റണ്‍സ് പിറന്ന കഥ.

ഇബാദത് ഹുസൈനായിരുന്നു ബൗളർ. 26ാം ഓവറിലായിരുന്നു സംഭവം. ഈ ഓവറിലെ അവസാന പന്ത് നേരിട്ടത് ഓപ്പണര്‍ വില്‍ യങ്ങും.

മികച്ചൊരു പന്തിനെ പ്രതിരോധിക്കുന്നതിനിടെ പന്ത് ബാറ്റില്‍ തട്ടി സ്ലിപ്പിലേക്ക്. സ്ലിപ്പില്‍ ലിറ്റണ്‍ദാസ് കൈവിട്ടതോടെ നേരെ പോയത് ബൗണ്ടറിയിലേക്കും.
ബൗണ്ടറി ലൈനിന് അരികില്‍വെച്ച് ഈ പന്ത് പിടിച്ചെടുത്ത തസ്‌കിന്‍ അഹമ്മദ് അത് വിക്കറ്റ് കീപ്പര്‍ നൂറുല്‍ ഹുസൈന് എറിഞ്ഞുകൊടുത്തു. അപ്പോഴേക്കും യങ്ങും ടോം ലാഥമും ചേര്‍ന്ന് മൂന്നു റണ്‍സ് ഓടിയിരുന്നു.

അമിതാവേശം കാണിച്ച വിക്കറ്റ് കീപ്പര്‍ ആ പന്ത് ബൗളിങ് എന്‍ഡിലേക്ക് നല്‍കി. പക്ഷേ അത് പിടിച്ചെടുക്കാന്‍ ബൗളിങ് എന്‍ഡിലെ ഫീല്‍ഡര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ പന്ത് ബൗണ്ടറിയിലേക്ക്. ആ കൂട്ടപ്പൊരിച്ചിലില്‍ ന്യൂസിലാന്‍ഡിന് ലഭിച്ചത് ഏഴ് റണ്‍സ്. പരസ്പരം നോക്കിനില്‍ക്കാനെ ബംഗ്ലാദേശ് ഫീല്‍ഡര്‍മാര്‍ക്ക് ആയുള്ളൂ.

അതേസമയം ഒന്നാം ദിനം കളി അവാസനിപ്പിക്കുമ്പോൾ ന്യൂസിലാൻഡ് അതിശക്തമായ നിലയിലാണ്. ഒരു വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് നേടിയത് 349 റൺസ്. 186 റൺസുമായി ടോം ലാഥം 99 റൺസുമായി ഡെവൊൻ കോൺവെ എന്നിവരാണ് ക്രീസിൽ.

54 റൺസെടുത്ത വിൽ യങിന്റെ വിക്കറ്റാണ് നഷ്ടമായത്. ഷരീഫുൽ ഇസ്ലാമിനാണ് വിക്കറ്റ്. ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് അട്ടിമറി വിജയം നേടിയിരുന്നു. അതിനാൽ പരമ്പര നഷ്ടമാകാതിരിക്കാൻ ന്യൂസിലാൻഡിന് വിജയം അനിവാര്യമാണ്.