Thu. Apr 25th, 2024
ന്യൂഡൽഹി:

‘സുള്ളി ഡീൽസി’നുശേഷം മുസ്ലിം വനിതകളെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പുതിയ പ്രചാരണം. ‘ബുള്ളി ഭായ്’ എന്ന പേരിൽ പുതിയ ആപ്പ് വഴിയാണ് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മുസ്ലിം വനിതകളെ അധിക്ഷേപിക്കുന്ന പ്രചാരണം. സംഭവത്തിൽ ദില്ലിയിലെ മാധ്യമ പ്രവർത്തകയുടെ പരാതിയിൽ ദില്ലി പൊലീസ് കേസ് എടുത്തു. 

പരിചയമില്ലാത്ത ചില ആളുകള്‍ ചേര്‍ന്ന് തന്റെ വ്യാജ ഫോട്ടോകള്‍ വെബ്പേജില്‍ അപ്ലോഡ് ചെയ്യുന്നുവെന്നും ഒപ്പം മോശം കമന്റുകള്‍ ഇടുന്നുവെന്നുമാണ് മാധ്യമപ്രവർത്തകയുടെ പരാതി. കമന്റുകള്‍ മുസ്ലിം വനിതകളെ അപമാനിക്കാന്‍ ലക്ഷ്യം വെച്ചുള്ളവയാണെന്നും താനുൾപ്പെടെ നിരവധി മുസ്ലീം വനിതകളുടെ വിവരങ്ങൾ ഈ ആപ്പ് വഴി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തക പരാതിയിൽ പറയുന്നു.

ഇതോടെ സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്നതും സ്ത്രീകളെ വർഗീയമായി ലക്ഷ്യമിടുന്നതുമായ പ്രചാരണങ്ങൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ശിവസേന എം പി പ്രിയങ്ക ചതുർവേദി അടക്കം രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതെന്ന് ആവർത്തിച്ച് ആവശ്യമുയർത്തിയിട്ടും അവഗണിക്കപ്പെടുകയാണെന്ന് എംപി ട്വീറ്റ് ചെയ്തു.  കേന്ദ്ര ഐടി മന്ത്രിയെയും ടാഗ് ചെയ്തായിരുന്നു എംപിയുടെ ട്വീറ്റ്.

സംഭവത്തിൽ ഇന്ന് രാവിലെ തന്നെ ഉപയോക്താവിനെ ബ്ലോക്ക് ചെയ്തതായി ഗിറ്റ്ഹബ് അറിയിട്ടുവെന്നും തുടർ നടപടിയുണ്ടാകുമെന്നും  കേന്ദ്ര ഐടി മന്ത്രി ആശ്വനി  വൈഷ്ണവ് പ്രതികരിച്ചു. ‘സുള്ളി ഡീല്‍സ്’ എന്ന സമാനമായ ആപ്പ് വഴി നേരത്തെയും ഊ രീതിയിൽ വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിക്കു​കയും അവരെ വിൽപനയ്ക്ക് എന്ന് പരസ്യം വയ്ക്കുകയും ചെയ്ത ആപ്പിനെതിരെ വ്യാപക പരാതിയെ തുടര്‍ന്ന് നടപടിയെടുത്തു. സാമൂഹികമാധ്യമങ്ങളില്‍ നിന്നുമടക്കം ശേഖരിച്ച സ്ത്രീകളുടെ ചിത്രങ്ങളാണ് ദുരുപയോഗം ചെയ്തത്.