Thu. Apr 18th, 2024
മഡഗാസ്‌കര്‍:

ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട് മഡഗാസ്കര്‍ ആഭ്യന്തര മന്ത്രി സെര്‍ജ് ഗല്ലെ. മഡഗാസ്‌കര്‍ ദ്വീപിന്റെ വടക്കുകിഴക്കന്‍ തീരത്ത് തിങ്കളാഴ്ചയായിരുന്നു അപകടം. മന്ത്രിയടക്കം നാലംഗസംഘം സഞ്ചരിച്ച ഹെലികോപ്റ്ററാണ് കടലില്‍ തകര്‍ന്നുവീണത്.

പിന്നാലെ പലഭാഗങ്ങളിലായി തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. എന്നാല്‍, കടലില്‍ 12 മണിക്കൂറോളം നീന്തി കരപറ്റി 57കാരനായ സെര്‍ജ് ഗല്ലെ ഏവരെയും ഞെട്ടിച്ചു.

മരണത്തെ മുഖാമുഖം കണ്ടെന്നായിരുന്നു രക്ഷപ്പെട്ടതിനു പിന്നാലെ സെർജിന്റെ ആദ്യ പ്രതികരണം. തനിക്ക് മരിക്കാനുള്ള സമയം ഇതുവരെയായിട്ടില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ഗെല്ലെയെ കൂടാതെ വാറന്റ് ഓഫീസറായ ലൈറ്റ്സാര ജിമ്മിയും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ബാക്കി രണ്ട് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

മഡഗാസ്‌കറില്‍ ബോട്ടപകടമുണ്ടായ സ്ഥലം സന്ദർശിക്കുന്നതിനായി തിരിച്ചതാണ് മന്ത്രിയും സംഘവും. എന്നാല്‍, മഹംബോ ടൗണിന് സമീപത്ത് ഹെലികോപ്ടർ തകർന്ന് കടലിൽ വീഴുകയായിരുന്നു. ഹെലികോപ്ടര്‍ അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും മഡഗാസ്കർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.