Fri. Mar 29th, 2024

ഏറ്റവും പുതിയ ഐസിസി ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ് പുറത്തുവിട്ടു. ഇതുവരെ ഒന്നാമനായി തുടർന്നിരുന്ന പാകിസ്താൻ നായകൻ ബാബർ അസം മൂന്നാം സ്ഥാനത്തേക്ക്​ പോയി. ഇംഗ്ലണ്ടിന്‍റെ ഡേവിഡ്​ മലാൻ ആണ്​ ടി20 ബാറ്റ്​സ്​മാൻമാരിൽ ഇപ്പോൾ ഒന്നാമൻ.

ദക്ഷിണാഫ്രിക്കയുടെ ആൽഡൻ മാക്രം രണ്ടാം സ്ഥാനത്തേക്കും ഉയർന്നു. അതേസമയം ഇന്ത്യൻ ബാറ്റ്​സ്​മാൻമാരിൽ കെ എൽ രാഹുൽ മാത്രമാണ്​ ആദ്യ പത്തിലുള്ളത്​. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിലെ മോശം പ്രകടനമാണ്​ ബാബറിന്​ വിനയായത്​. ആദ്യ മത്സരത്തിൽ സംപൂജ്യനായി മടങ്ങിയ താരം രണ്ടാം മത്സരത്തിൽ ഏഴ്​ റൺസ്​ മാത്രമായിരുന്നു നേടിയത്​.

പുതിയ ടെസ്​റ്റ്​ റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിക്കും സ്ഥാനനഷ്​ടം സംഭവിച്ചു. ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ പ്രതീക്ഷക്കൊത്ത് ഉയരാനാവാതെ വന്നതോടെ ഒരു സ്ഥാനം പിന്നോട്ടിറങ്ങിയ കോഹ്​ലി ഇപ്പോൾ ഏഴാം സ്ഥാനത്താണ്​. അഞ്ചാം സ്ഥാനത്തുള്ള രോഹിത്​ ശർമയാണ്​ ഇന്ത്യൻ താരങ്ങളിൽ മുമ്പൻ.

ഇംഗ്ലണ്ട്​ താരം ജോ റൂട്ട്​ ആണ്​ ഇപ്പോൾ ഒന്നാമൻ. ഓസ്‌ട്രേലിയയുടെ മാര്‍നസ് ലാബ്യുഷെയ്ന്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഇപ്പോൾ രണ്ടാം സ്ഥാനം സ്വന്തമാക്കി. സ്റ്റീവ് സ്മിത്തും കെയ്ന്‍ വില്യംസനുമാണ്​ മൂന്നും നാലും സ്ഥാനങ്ങളിൽ. ഡേവിഡ്​ വാർണറാണ്​ ആറാം സ്ഥാനത്ത്​. ബൗളർമാരിൽ ഓസീസ്​ നായകൻ പാറ്റ്​ കമ്മിൻസാണ്​ ഒന്നാം സ്ഥാനത്ത്​. ആര്‍ അശ്വിന്‍,ഷഹീന്‍ അഫ്രീദി,ജോഷ് ഹെയ്‌സല്‍വുഡ്, ടിം സൗത്തി എന്നിവരാണ്​ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ്​ താരങ്ങൾ.

ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ബാബര്‍ ആസം തലപ്പത്ത് നില്‍ക്കുമ്പോള്‍ വിരാട് കോഹ്​ലി, രോഹിത് ശര്‍മ, റോസ് ടെയ്‌ലര്‍, ആരോണ്‍ ഫിഞ്ച് എന്നിവരാണ് ആദ്യ അഞ്ച്​ സ്ഥാനങ്ങളിലുള്ളത്​. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ന്യൂസീലൻഡ്​ താരം ട്രന്റ് ബോള്‍ട്ടാണ്​ ഒന്നാം സ്ഥാനത്ത്. ജോഷ് ഹെയ്‌സല്‍വുഡ്, മുജീബുര്‍ റഹ്മാന്‍, ക്രിസ് വോക്‌സ്, മെഹന്‍ദി ഹസന്‍ എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ്​ ബൗളർമാർ.