Thu. Apr 25th, 2024
ന്യൂഡൽഹി:

അധികാരത്തിലിരിക്കുന്നത് വ്യാജ ഹിന്ദുക്കളാണെന്നും ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്നും താൻ ഹിന്ദുവാണെങ്കിലും ഹിന്ദുത്വവാദി അല്ലെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിലക്കയറ്റത്തിനെതിരെ രാജസ്ഥാനിൽ കോൺഗ്രസ് നടത്തിയ മഹാറാലിയാണ് പരാമർശം. ”മഹാത്മാ ഗാന്ധി ഹിന്ദുവും ഗോഡ്‌സേ ഹിന്ദുത്വ വാദിയുമാണ്. ഹിന്ദു സത്യത്തെ തേടുന്നു. സത്യാഗ്രഹമാണ് അവരുടെ വഴി.

ഗാന്ധിജിയുടെ ആത്മകഥ ‘എന്റെ സത്യാന്വേഷണപരീക്ഷണങ്ങളുടെ കഥ’ എന്നാണ്. എന്നാൽ ഹിന്ദുത്വ വാദിയായ ഗോഡ്‌സേ ഗാന്ധിജിയുടെ ശിരസ്സിൽ മൂന്നു വെടിയുണ്ടകൾ പായിച്ചു. ഹിന്ദുത്വവാദിക്ക് അധികാരം മതി, സത്താഗ്രഹ് – അധികാരത്തിനായുള്ള അന്വേഷണമാണ് അവരുടെ വഴി. അതിന് വേണ്ടി അവരെന്തും ചെയ്യും.” രാഹുൽ പറഞ്ഞു.

”ഹിന്ദുത്വവാദിക്ക് സത്യം വേണ്ടേവേണ്ട. അവർക്ക് അധികാരം മതി. അതിന്‌വേണ്ടി ആക്രമിക്കും കൊല്ലും. എന്തും പറയും. അവർക്ക് പലരെയും പേടിയാണ്. അതിൽ നിന്ന് വെറുപ്പുണ്ടാകുന്നു. ദേഷ്യമുണ്ടാകുന്നു. ഹിന്ദുവിന്റെ മനസ്സിൽ സ്‌നേഹവും സഹിഷ്ണുതയുമുണ്ടാകുന്നു” രാഹുൽ ചൂണ്ടിക്കാട്ടി.

ഹിന്ദു നേർക്കുനേർ പോരാടും. ഹിന്ദുത്വവാദി പിന്നിൽ നിന്നടിക്കും. മാപ്പു പറയും. ഈ ദേശം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദിയുടെതല്ല. അതിനാൽ ഹിന്ദുത്വവാദികളെ അധികാരത്തിൽ നിന്ന് പുറത്താക്കി ഹിന്ദുക്കളുടെ രാജ്യമാക്കണമെന്നും -രാഹുൽ ആവശ്യപ്പെട്ടു. രാജ്യത്തെ സംവിധാനങ്ങളെല്ലാം ഒരു സംഘടനയുടെ കയ്യിലാണെന്നും രാഹുൽ പറഞ്ഞു.

ഇന്ത്യ അനുഭവിക്കുന്നത് ഹിന്ദുത്വവാദി ഭരണമാണെന്നും ഈ ഹിന്ദുത്വവാദി ഭരണം നീക്കി, നമുക്ക് ഹിന്ദു രാജ് കൊണ്ടു വരണമെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റാലിയിൽ പങ്കെടുത്തു.