Fri. Apr 19th, 2024

ചെസ് ലോകകിരീടം നോര്‍വെയുടെ മാഗ്നസ് കാള്‍സന്‍ നിലനിര്‍ത്തി. റഷ്യയുടെ ഇയാന്‍ നീപോംനീഷിയെ പതിനൊന്നാം റൗണ്ടില്‍ പരാജയപ്പെടുത്തിയതോടെയാണ് കിരീടനേട്ടം. പതിനൊന്നാം റൗണ്ടില്‍ മല്‍സരിക്കാനെത്തിയ മാഗ്നസ് കാള്‍സന്  ലോകകിരീടത്തിലേയ്ക്ക്  വേണ്ടിയിരുന്നത് ഒരുപോയിന്റ് മാത്രം. 

കറുത്ത കരുക്കള്‍ ഉപയോഗിച്ച് കളിച്ച കാള്‍സന്‍ മൂന്ന് മണിക്കൂര്‍ 21 മിനിറ്റ് നീണ്ട പോരാട്ടത്തില്‍  49 നീക്കങ്ങള്‍ക്കൊടുവില്‍  ലോകകിരീടം നിലനിര്‍ത്തി. നൂറുവര്‍ഷം മുമ്പ് ഹവാനയില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ ഇമ്മാനുവല്‍ ലാസ്കറിന് മേല്‍ ഹോസെ റൗള്‍ കാപബ്ലാങ്ക നേടിയ വിജയത്തിന് ശേഷം ഏറ്റവും ഏകപക്ഷീയമായ കിരീടനേട്ടമെന്നാണ് കാള്‍ന്റെ വിജയത്തെ ചെസ് ലോകം വിശേഷിപ്പിക്കുന്നത്.   മൂന്നുറൗണ്ട് ശേഷിക്കെയാണ് കാള്‍സന്‍റെ കിരീടനേട്ടം.

കാള്‍സന്‍ 7.5 പോയിന്റ് നേടിയപ്പോള്‍ നീപോംനീഷിക്ക് 3.5 പോയിന്റ് മാത്രമാണ് നേടാനായത്. 2013ല്‍ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പിച്ച് ആദ്യ ലോകിരീടം നേടിയ നോര്‍വെക്കാരന്‍ കാള്‍സന്‍ 2014ലും 16ലും 18ലും കിരീടം നിലനിര്‍ത്തി.