Sat. Apr 20th, 2024
മഥുര:

ബാബരി മസ്​ജിദിന്​ പിന്നാലെ കൃഷ്ണ ജന്മഭൂമിയുടെ പേരില്‍ മഥുര ഗ്യാന്‍വ്യാപി മസ്ജിദിനു നേരെയുള്ള ഹിന്ദുത്വ തീവ്രവാദികളുടെ പ്രചാരണങ്ങൾക്ക്​ കൊഴുപ്പേകാൻ നടി കങ്കണ റണാവത്ത്​ മഥുരയിൽ എത്തി. മസ്​ജിദിനെതിരെ ഹിന്ദുത്വ കുപ്രചാരണം കടുക്കുന്നതിനിടെയാണ്​ ബോളിവുഡ് നടിയുടെ സന്ദര്‍ശനം.

മഥുരയിലുള്ളത് രാജ്യാതിര്‍ത്തിയിലേതിന് സമാനമായ കടുത്ത നിയന്ത്രണങ്ങളാണെന്നും അത് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നീക്കിത്തരുമെന്നും കങ്കണ പറഞ്ഞു. പൊലിസും സംഘപരിവാര പ്രവര്‍ത്തകരുമാണ് മഥുരയില്‍ നടിയെ സ്വീകരിച്ചത്.

ഉത്തര്‍പ്രദേശ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രദേശം നടി സന്ദര്‍ശിച്ചത്. മഥുരയിലേക്ക് പുറപ്പെട്ടത് മുതലുള്ള ചിത്രങ്ങളും ദൃശ്യങ്ങളും കങ്കണ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നുണ്ട്.

പ്രദേശം വളരെ സുരക്ഷ ഒരുക്കിയ ഇടമാണെന്നും എല്ലായിടത്തും പ്രവേശിക്കാനോ ഫോട്ടോയെടുക്കാനോ അനുമതിയില്ലെന്നും നടി കുറിച്ചു. എന്നാല്‍ ഇവിടുത്തെ എല്ലാ സ്ഥലങ്ങളും ജനങ്ങള്‍ക്കായി യോഗി തുറന്നുകൊടുക്കുമെന്ന പ്രതീക്ഷിക്കുന്നതായും നടി പറഞ്ഞു. യു പി മുഖ്യമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ട് ടാഗ് ചെയ്തു കൊണ്ടായിരുന്നു നടിയുടെ പരാമര്‍ശം.

ശ്രീകൃഷ്ണന്‍റെ യഥാർത്ഥ ജനനസ്ഥാനം ജനങ്ങൾക്ക് കാട്ടിക്കൊടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റണാവത്ത് പറഞ്ഞു. ശ്രീകൃഷ്ണൻ ജനിച്ച സ്ഥലത്ത് ഒരു ഈദ്ഗാഹ്​ ഉണ്ടെന്നും നടി ആരോപിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമാകാനില്ലെന്നും ദേശീയവാദികളായിട്ട്​ ആരുണ്ടോ അവർക്കായി പ്രചരണ രംഗത്ത്​ ഇറങ്ങു​മെന്നും നടി കങ്കണ റണാവത്ത്​.

ഉത്തർ പ്രദേശിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പിക്കായി പ്രചാരണത്തിന്​ ഇറങ്ങുമോ എന്ന ചോദ്യത്തിനാണ്​ അവരുടെ മറുപടി.