Sat. Apr 20th, 2024
തിരുവനന്തപുരം:

കേരളത്തില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം തന്നെയാണെന്ന്​ പൊതുമരാമത്ത്​ മന്ത്രി പി എ മുഹമ്മദ്​ റിയാസ്​. എങ്കിലും അയ്യോ മഴ എന്ന് പറഞ്ഞ് പ്രയാസപ്പെടാതെ പരിഹാരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ റോഡുകൾ സംബന്ധിച്ച് നടൻ ജയസൂര്യ നടത്തിയ വിമര്‍ശനത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടന്‍റെ വിമർശനം സര്‍ക്കാര്‍ ശരിയായ അര്‍ഥത്തില്‍ ഉള്‍കൊള്ളുന്നുവെന്നും മന്ത്രി വ്യക്​തമാക്കി.

തിരുവനന്തപുരത്ത്പൊതുമരാമത്ത് വകുപ്പിന്‍റെ പരിപാടിയില്‍ കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയെ ജയസൂര്യ വിമര്‍ശിച്ചിരുന്നു. മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ കാണില്ലെന്നായിരുന്നു ജയസൂര്യയുടെ വിമര്‍ശനം. എന്നാൽ, ചിറപുഞ്ചിയില്‍ 10,000 കിലോമീറ്റര്‍ റോഡാണുള്ളതെന്നും കേരളത്തില്‍ ഇത്​ മൂന്നരലക്ഷം കിലോമീറ്ററാണെന്നും മന്ത്രി വ്യക്​തമാക്കി.