Thu. Apr 25th, 2024

ചരിത്രം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. ജിം ലേക്കറിനും അനില്‍ കുംബ്ലെക്കും ശേഷം ഒരു ഇന്നിങ്സില്‍ 10 വിക്കറ്റുകളും വീഴ്ത്തുന്ന ബൌളറായി ന്യൂസിലാന്‍റിന്‍റെ അജാസ് പട്ടേല്‍. കാലത്തിന്‍റെ കാവ്യനീതിയെന്നോണം മുംബൈയില്‍ ജനിച്ച അജാസ് പട്ടേല്‍ മുംബൈ പിച്ചില്‍ ഇന്ത്യക്കെതിരെ തന്നെ ചരിത്ര നേട്ടം സ്വന്തമാക്കിയത് സ്വപ്ന തുല്യം മാത്രം.

ഇന്ത്യക്കെതിരായ രണ്ടാം മത്സരത്തിലെ രണ്ടാം ദിനത്തിലാണ് അജാസ് പട്ടേല്‍ ചരിത്ര നേട്ടം പൂര്‍ത്തിയാക്കിയത്. മുഹമ്മദ് സിറാജിന്‍റെ വിക്കറ്റ് നേട്ടത്തോടെ അദ്ദേഹം ഒരിന്നിങ്സിലെ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ കോഹ്‍ലിപ്പടയെ ഒറ്റക്ക് നേരിട്ട ധീരനായ പോരാളിയെന്ന് കാലം അയാളെ വിളിക്കും.

1956ല്‍ ഓള്‍ഡ് ട്രാഫോഡില്‍ ആസ്ട്രേലിയക്കെതിരെ 53 റണ്‍സ് വഴങ്ങി 10 വിക്കറ്റ് സ്വന്തമാക്കിയ ലേക്കര്‍ ചരിത്ര പുസ്തകത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ്. ന്യൂ ഡല്‍ഹിയില്‍ പാകിസ്താനെതിരെ വെറും 26 ഓവര്‍ മാത്രം എറിയുന്നതിനിടെ 74 റണ്‍സ് വിട്ടുകൊടുത്ത് ഇന്ത്യയുടെ സ്വന്തം അനില്‍ കുംബ്ലെ ആ പട്ടികയിലെ രണ്ടാമനായി. ഇന്നിതാ, ന്യൂസിലാന്‍റിന്‍റെ അജാസ് പട്ടേല്‍ ആ പട്ടികയിലെ മൂന്നാമനായി. 119 റണ്‍സ് വിട്ടുകൊടുത്തുകൊണ്ടാണ് അജാസിന്‍റെ ഈ നേട്ടം.

ആദ്യ ദിനം ശുഭ്മാന്‍ ഗില്‍, ചെതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി ശ്രേയസ് അയ്യര്‍ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ രണ്ടാം ദിനം ബാക്കിയുള്ളവരെയും അജാസ് കൂടാരം കയറ്റി. മായങ്ക് അഗര്‍വാളിന്‍റെ സെഞ്ച്വറി മികവില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 325 റണ്‍സ് എന്ന സ്കോറിലെത്തി.