Thu. Apr 25th, 2024

‘സംഗീതം എന്ന വാക്കെഴുതി ഒരു സമം ഇട്ടാൽ ഏതൊരു മലയാളിയും ഇപ്പുറത്ത്​ യേശുദാസ്​ എന്നെഴുതി അത്​ പൂരിപ്പിക്കും’- മലയാളിക്ക്​ ഗാനഗന്ധർവൻ കെ ജെ യേശുദാസ്​ എന്താണെന്ന്​ ഈ ഒറ്റ വാചകത്തിൽ പ്രിയതാരം മോഹൻലാൽ അടയാളപ്പെടുത്തുന്നു.

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് 60 വർഷങ്ങൾ പൂർത്തിയാക്കിയ യേശുദാസിന് പ്രണാമമർപ്പിച്ച്​ മോഹൻലാൽ അവതരിപ്പിച്ച ‘കാൽപ്പാടുകൾ’ എന്ന ദൃശ്യാവിഷ്​കാരം ഒരർഥത്തിൽ ഗുരുദക്ഷിണ കൂടിയാകുകയാണ്​. കാരണം, ദാസേട്ടൻ തന്‍റെ മാനസഗുരുവാണെന്ന്​ പറയുന്നുണ്ട്​ ലാൽ ഈ വീഡിയോയിൽ.

മദ്രാസിലെ ഭരണി സ്റ്റുഡിയോയിൽ ‘കാൽപ്പാടുകൾ’ എന്ന സിനിമയ്ക്കായി യേശുദാസ് ആദ്യ ഗാനം റെക്കോർഡ് ചെയ്തത് മുതലുള്ള നാളുകൾ ഓർത്തെടുക്കുന്ന ലാൽ, സത്യനും നസീറും മധുവുമടക്കമുള്ള മുൻ തലമുറ ചവിട്ടി നടന്ന ആ കാൽപ്പാടുകളെ പിൻപറ്റി താനും നടക്കുകയാണെന്ന് പറയുന്നു.

ദാസിന്‍റെ സംഗീതയാത്രയുടെ വിവരണത്തിലൂടെ തന്‍റെ ചലച്ചിത്രയാത്രയുടെ ഒരു തിരനോട്ടവും ലാൽ ഈ വീഡിയോയിലൂടെ നടത്തുന്നു.​ ലാൽ ആദ്യമായി കാമറക്ക്​ മുന്നിലെത്തിയ ‘തിരനോട്ടം’ സിനിമയിൽ ദാസ്​ പാടിയ ‘മണ്ണിൽ വിണ്ണിൽ മനസിലാകെ വർണങ്ങൾ’ എന്ന പാട്ടുമുതൽ ഒടു​വിലായി ദാസ്​ ലാലിനുവേണ്ടി പാടിയ ‘വില്ലൻ’ എന്ന സിനിമയിലെ ‘കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ’ എന്ന പാട്ടുവരെ ഈ വീഡിയോയിൽ പരാമർശിക്കുന്നു.