Thu. Apr 25th, 2024
ന്യൂഡൽഹി:

ഡൽഹിയിൽ റിപബ്ലിക്​ ദിനത്തിൽ ട്രാക്​ടർ റാലിയിൽ പ​ങ്കെടുത്ത്​ അറസ്റ്റിലായ കർഷകർക്ക്​ രണ്ട്​ ലക്ഷം രൂപ ധനസഹായം നൽകുമെന്ന്​ പഞ്ചാബ് സര്‍ക്കാര്‍​. 83 പേർക്കാണ്​ ഇത്തരത്തിൽ സഹായധനം കൈമാറുക. മുഖ്യമന്ത്രി ചരൺജിത്ത്​ സിങ്​ ഛന്നി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പഞ്ചാബിൽ തിരഞ്ഞെടുപ്പ്​ അടുത്തിരിക്കെ സംസ്ഥാന സർക്കാരിന്‍റെ പ്രഖ്യാപനം കേന്ദ്രവുമായുള്ള പുതിയ ഏറ്റുമുട്ടലിന്​ വഴി തുറക്കുമെന്നുറപ്പാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് റിപബ്ലിക്ക് ദിനത്തില്‍ ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് പ്രധാനമായും വിവാദ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നത്.

പഞ്ചാബ് സര്‍ക്കാരിന്‍റെ പുതിയ നീക്കം കേന്ദ്രത്തിന് വലിയ ആഘാതമാകുമെന്നുറപ്പാണ്. കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ്​ സർക്കാർ നേരത്തെ ​പ്രമേയം പാസാക്കിയിരുന്നു.