Sat. Apr 20th, 2024
മുംബൈ:

ഇന്ത്യൻ ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെ വ്യാപാരത്തിന്​ തുടക്കം കുറിച്ച്​ നൈക്ക. എൻ എസ്​ ഇയിൽ 82ശതമാനം നേട്ടത്തോടെ 2,054 രൂപയിലാണ്​ നൈക്കയുടെ വ്യാപാരം. ഐ പി ഒയിലെ ഇഷ്യു വില 1,125 രൂപയായിരുന്നു. ബി എസ്​ ഇയിൽ 2063 രൂപക്കാണ്​ നൈക്ക ലിസ്റ്റ്​ ചെയ്​തത്​. കമ്പനിയുടെ വിപണിമൂലധനം ബി എസ്​ ഇയിൽ ഒരു ലക്ഷം കോടി കടന്നു.

നൈക്കയുടെ ഉടമസ്ഥരായ എഫ്​ എസ്​ എൻ ഇ-കോമേഴ്​സിന്‍റെ ഐ പി ഒക്ക്​ മികച്ച പ്രതികരണമാണ്​ ഉണ്ടായത്​. ഇൻസ്റ്റിറ്റ്യൂഷൽ നിക്ഷേപകരിലായിരുന്നു വാങ്ങൽ താൽപര്യം കൂടുതലുണ്ടായിരുന്നത്​. ഓഹരിയൊന്നിന്​ 1,085 മുതൽ 1,125 വരെയായിരുന്നു വില. ​ഒക്​ടോബർ 28ന്​ ആരംഭിച്ച സബ്​സ്​ക്രിപ്​ഷൻ നവംബർ ഒന്നിനാണ്​ അവസാനിച്ചത്​.

630 കോടിയുടെ ഓഹരികളാണ്​ വിൽപനക്ക്​ വെച്ചത്​. 41,972,660​ ഇക്വിറ്റി ഓഹരികൾ പ്രൊമോട്ടർമാരും വിൽപനക്കു വെച്ചു. നിരവധി ബ്രോ​ക്കറേജ്​ സ്ഥാപനങ്ങൾ ദീർഘകാലത്തേക്ക്​ നൈക്കയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്​. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 61 കോടിയുടെ ലാഭമാണ്​ നൈക്കയുണ്ടാക്കിയത്​. ഇതും വിപണിയിൽ ഗുണകരമായി.