Fri. Mar 29th, 2024
കൊച്ചി:

ആശങ്കയുടെ കൊവിഡ് കാലത്ത് ആശ്വാസത്തിന്‍റെ പൊട്ടിച്ചിരിയുടെ അലകള്‍ തീര്‍ക്കാന്‍ മലയാളത്തിന്‍റെ യുവതാര നിര അണി നിരക്കുന്ന ‘ജാന്‍എമന്‍’ 19 ന് തിയേറ്ററുകളിലേക്ക്.

ചിത്രത്തിന്‍ ടീസര്‍ ഇതിനോടകം പ്രേക്ഷക പ്രശംസ നേടിയിരുന്നു.ഒരു ഫാമിലി കോമഡി എന്‍റർ​ടെയ്​നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി,സിദ്ധാര്‍ഥ് മേനോന്‍,അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിരവധി പുതുമുഖതാരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ ഫാമിലി എന്‍റർടെയ്​നർ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്.

പ്രശസ്ത ചലച്ചിത്രകാരന്മാര്‍ ആയ ജയരാജ്, രാജീവ് രവി,കെയു മോഹനന്‍ എന്നിവരുടെ കൂടെ സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റന്‍റായും അസോസിയേറ്റായും 12 വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച ശേഷമാണ് ചിദംബരം സംവിധാന രംഗത്തേക്ക് എത്തുന്നത്.

അഭിനയത്തിന് പുറമെ നടന്‍ ഗണപതി സഹോദരന്‍ ചിദംബരത്തിന്‍റെ സിനിമയുടെ സഹരചയിതാവ് കൂടിയാണ്. അമല്‍ നീരദ്, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.