Thu. Apr 25th, 2024

ഐസിസി ടി-20 റാങ്കിംഗിൽ ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിക്ക് തിരിച്ചടി. ബാറ്റർമാരുടെ റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തായിരുന്ന കൊഹ്‌ലി മൂന്ന് സ്ഥാനങ്ങൾ പിന്നിലേക്ക് പോയി ഇപ്പോൾ എട്ടാം സ്ഥാനത്താണ്. അതേസമയം, നിലവിലെ വൈസ് ക്യാപ്റ്റൻ ലോകേഷ് രാഹുൽ അഞ്ചാം സ്ഥാനത്തെത്തി. ടി-20 ലോകകപ്പിൽ മൂന്ന് ഫിഫ്റ്റി നേടിയതാണ് രാഹുലിനു തുണയായത്. 727 ആണ് രാഹുലിൻ്റെ റേറ്റിംഗ്.

പാക് ക്യാപ്റ്റൻ ബാബർ അസം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 839 ആണ് അസമിൻ്റെ റേറ്റിംഗ്. 800 റേറ്റിംഗുള്ള ഇംഗ്ലണ്ടിൻ്റെ ഡേവിഡ് മലാൻ രണ്ടാമതുണ്ട്. ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രം (796 റേറ്റിംഗ്), ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (732 റേറ്റിംഗ്) എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്.

ബൗളർമാരുടെ റാങ്കിങ്ങിൽ ശ്രീലങ്കൻ താരം വനിണ്ടു ഹസരങ്കയാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ തബ്രീസ് ഷംസി രണ്ടാമതും ഇംഗ്ലണ്ടിൻ്റെ ആദിൽ റഷീദ് മൂന്നാമതും ഉണ്ട്. യഥാക്രമം 797, 784, 727 എന്നിങ്ങനെയാണ് ഇവരുടെ റേറ്റിംഗ്.

ഓൾ റൗണ്ടറുമാരുടെ റാങ്കിങ്ങിൽ അഫ്ഗാൻ ക്യാപ്റ്റൻ മുഹമ്മദ് നബി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാകിബ് അൽ ഹസൻ ആണ് രണ്ടാം സ്ഥാനത്ത്. ഹസരങ്ക മൂന്നാമതുണ്ട്.