Fri. Mar 29th, 2024
കൊച്ചി:

മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിറക്കി സർക്കാർ. വനംവകുപ്പ് സെക്രട്ടറിയാണ് റദ്ദാക്കൽ ഉത്തരവിറക്കിയത്.

മന്ത്രിസഭ അറിയാതെയാണ് ഉത്തരവെന്ന് സർക്കാർ വ്യക്തമാക്കി. വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്‍ ബെന്നിച്ചൻ തോമസിനെ സസ്പെന്റ് ചെയ്ത് കൊണ്ടുള്ള ഉത്തരവുമിറക്കി. ചീഫ് വൈൽഡ് ലൈഫ് വാർഡനായ ബെന്നിച്ചൻ തോമസ് ഔദ്യോഗിക കൃത്യനിർവഹണം ലംഘിച്ചുവെന്നാണ് ഉത്തരവില്‍ പറയുന്നത്.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. അജണ്ടക്ക് പുറത്തുളള ഇനമായാണ് മുഖ്യമന്ത്രി മരം മുറി കൊണ്ടുവന്നത്. അജണ്ട ചർച്ചക്കെടുത്തപ്പോൾ ഉത്തരവ് റദ്ദാക്കാനുള്ള തീരുമാനവും അറിയിക്കുകയായിരുന്നു.

മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതിയിൽ തമിഴ്നാട് ഈ ഉത്തരവ് ആയുധമാക്കിയേക്കുമെന്നും അതിനാൽ ഉത്തരവ് റദ്ദാക്കാണമെന്നുമുള്ള നിയമോപദേശമാണ് വിഷയത്തിൽ കേരളത്തിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.