Fri. Apr 19th, 2024
കാബൂള്‍:

അഫ്ഗാന് സ്വന്തമായി വ്യോമസേന രൂപീകരിക്കുന്നതിനും സൈനികശേഷി വര്‍ധിപ്പിക്കാനുമുള്ള നീക്കങ്ങള്‍ ശക്തമാക്കുമെന്ന് താലിബാന്‍. മുന്‍ സര്‍ക്കാരിന്റെ വ്യോമസേനയുടെ ഭാ​ഗമായിരുന്നവരെ ഉള്‍പ്പെടുത്തിയാണ് പുതിയ സേന രൂപീകരിക്കാന്‍ പദ്ധതിയിടുന്നതെന്ന് താലിബാൻ ആഭ്യന്തര മന്ത്രാലയം വക്താവ് ഖാരി സയീദ് ഖോസ്തി പറഞ്ഞു.

അഷ്റഫ് ​ഗനി സര്‍ക്കാരില്‍ സേനാം​ഗങ്ങളായിരുന്നവര്‍ക്ക് പൊതുമാപ്പ് നല്‍കിയിട്ടുണ്ടെന്നും സ്വന്തം രാജ്യത്തെ സഹായിക്കാനായി തിരികെയെത്തി സേവനം പുനരാരംഭിക്കണമെന്നും അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് താലിബാൻ വക്താവ് ബിലാൽ കരിമി പറഞ്ഞു.

താലിബാന്‍ ഭരണം പിടിച്ചെടുക്കുന്നതിനുമുമ്പ്‌ അഫ്ഗാന്‍ സര്‍ക്കാരിന് ഇരുനൂറോളം യുദ്ധവിമാനമുള്ള വ്യോമസേനയുണ്ടായിരുന്നു. ഇതില്‍ ഭൂരിഭാ​ഗവും തങ്ങള്‍ പിടിച്ചെടുത്തെന്ന് താലിബാന്‍ മുമ്പ്‌ അവകാശപ്പെട്ടിരുന്നു.