Mon. Dec 23rd, 2024
തിരുവനന്തപുരം:

നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളായ കിഴക്കേകോട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ എത്താതെ തന്നെ നഗരത്തിനുള്ളിലും പ്രാന്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനായുള്ള സിറ്റി സർക്കുലർ സർവീസിന്റെ രണ്ടാമത്തെ ട്രയൽ റണ്ണും വിജയകരം. ഇതോടെ മൂന്നാമത്തെ ട്രയൽ റൺ നടത്തി നവംബർ രണ്ടാം വാരത്തോടെ സർവീസ് ആരംഭിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.ന​ഗരത്തിലെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ, ആശുപത്രികൾ എന്നിവയെ ബന്ധിപ്പിച്ച്‌ ഇടറോഡുകളിൽനിന്ന്‌ വിവിധ നിറത്തിലുള്ള സർക്കുലർ സർവീസുകളാണ് കെഎസ്ആർടിസി വിഭാവനം ചെയ്തിരിക്കുന്നത്.

ബ്ലൂ, റെഡ്, ഓറഞ്ച്, പർപ്പിൾ, ഗ്രീൻ, യെല്ലോ, ബ്രൗൺ എന്നീ നിറങ്ങളിലാണ് സർവീസുകൾ. ഓരോ റൂട്ടിലും പ്രത്യേക നിറത്തിലുള്ള സർവീസ് എന്ന് പുറത്ത് പ്രദർശിപ്പിക്കും. ആ നിറത്തിലുള്ള സീറ്റുകവറുകളാകും സീറ്റുകളിൽ ഉപയോ​ഗിക്കുക.

ആദ്യഘട്ടത്തിൽ ഏഴ് സർക്കുലർ റൂട്ടുകളിലാണ് സർവീസ് ആരംഭിക്കുക. തുടർന്ന് 15 റൂട്ടുകളിൽ സർവീസ് നടത്തും. യാത്രക്കാർക്ക് ആയാസ രഹിതമായി കയറുന്നതിനും ഇറങ്ങുന്നതിനും വീതികൂടിയ വാതിലുകളോട് കൂടിയതും, രണ്ട് ചവിട്ടുപടികൾ ഉള്ളതുമായ ലോ ഫ്‌ളോർ ബസുകളാണ് ഇതിനായി ഉപയോ​ഗിക്കുക. 100 ബസുകളാണ് ഇതിനു വേണ്ടിവരിക.