Tue. Apr 23rd, 2024
ന്യൂഡൽഹി:

കേരളം, പഞ്ചാബ്‌, ഛത്തീസ്‌ഗഢ്‌, രാജസ്ഥാൻ തുടങ്ങി പല സംസ്ഥാനത്തും നേതാക്കൾ തമ്മിലടിക്കുന്ന പശ്ചാത്തലത്തിൽ വ്യക്തിതാത്പ്പര്യം മാറ്റിവച്ച്‌ അച്ചടക്കത്തിലും ഐക്യത്തിലും ഊന്നാൻ പിസിസി അധ്യക്ഷന്മാർക്ക്‌ കോൺഗ്രസ്‌ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശം. ചൊവ്വാഴ്‌ച ചേർന്ന പിസിസി അധ്യക്ഷന്മാരുടെയും ജനറൽ സെക്രട്ടറിമാരുടെയും യോഗത്തിൽ സംസ്ഥാനതല നേതാക്കൾക്ക്‌ വ്യക്തതയും ഐക്യവുമില്ലെന്ന്‌ സോണിയ വിമർശിച്ചു.

സംഘടനയെ ശക്തിപ്പെടുത്താന്‍ വ്യക്തിഗത താൽപ്പര്യം മാറ്റിവയ്‌ക്കണം. ദേശീയ വിഷയങ്ങളിൽ കോണ്‍​ഗ്രസിന്റെ നയം താഴെത്തട്ടിലേക്ക്‌ എത്തുന്നില്ല. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മൻമോഹൻ സിങ്‌ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

യുപിയിൽ 40 ശതമാനം സീറ്റ്‌ വനിതകൾക്ക്‌ നൽകുമെന്ന പ്രിയങ്കയുടെ പ്രഖ്യാപനത്തെ പിസിസി അധ്യക്ഷന്മാർ പ്രശംസിച്ചു. രാഹുൽ വീണ്ടും അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന്‌ പലരും ആവശ്യപ്പെട്ടു. പിസിസി അധ്യക്ഷൻ നവ്‌ജ്യോത്‌ സിങ്‌ സിദ്ദു പഞ്ചാബിലെ പുതിയ സർക്കാരിനെക്കുറിച്ചുള്ള പരാതി ഉന്നയിച്ചു.